29 വയസിൽ അരങ്ങേറി ക്രിക്കറ്റിൽ എല്ലാം നേടിയ മൈക്ക് ഹസിയെ ഓർമയുണ്ടോ? സഞ്ജുവും ഒട്ടും വൈകിയിട്ടില്ല

അഭിറാം മനോഹർ
ബുധന്‍, 8 മെയ് 2024 (19:59 IST)
Sanju Samson,IPL
2013ൽ ഐപിഎല്‍ ക്രിക്കറ്റില്‍ തുടക്കം കുറിച്ചത് മുതല്‍ തന്നെ മികച്ച പ്രതിഭയെന്ന വിശേഷണം നേടിയ താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ പല കുറി തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ സഞ്ജു നടത്തിയിട്ടുണ്ടെങ്കിലും ഒരു ഇരുത്തം വന്ന കളിക്കാരനായി സഞ്ജു തെളിയിച്ചത് 2024ലെ ഐപിഎല്ലിലാണെന്ന് പറയേണ്ടി വരും. മുന്‍പും 2-3 സീസണുകളില്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയിട്ടുണ്ടെങ്കിലും നിലവില്‍ ബൗളര്‍മാര്‍ക്ക് മുകളില്‍ സഞ്ജു പുലര്‍ത്തുന്ന ആധിപത്യം പ്രശംസ അര്‍ഹിക്കുന്നതാണ്.
 
നിലവില്‍ 30 വയസുള്ള ഐപിഎല്ലില്‍ ഇരുത്തം വന്ന താരമാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യമായ ഒരു നേട്ടവും സഞ്ജു കൊയ്തിട്ടില്ല. 30 വയസെന്നത് ഒരല്പം വൈകിയ സമയമാണെങ്കിലും ഈ പ്രായത്തില്‍ ടീമിലെത്തി വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരങ്ങള്‍ സഞ്ജുവിന് മുന്നിലുണ്ട്. ഓസീസ് താരം മൈക്ക് ഹസിയും ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവുമെല്ലാം സഞ്ജുവിന് മാതൃകയാക്കാവുന്ന താരങ്ങളാണ്. അതില്‍ തന്നെ മൈക്ക് ഹസിയെന്ന താരം 29 വയസില്‍ ടീമിലെത്തി ലോകക്രിക്കറ്റിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ്.
 
 വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഇലവനില്‍ കളിക്കാന്‍ അവസരം ലഭിക്കുകയും മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയും ചെയ്താല്‍ അത്തരം ഒരു കരിയറാകും സഞ്ജു സാംസണിനെ കാത്തിരിക്കുന്നത്. ലോകകപ്പിന് മുന്‍പുള്ള ഐപിഎല്ലില്‍ രാജസ്ഥാനായി കിരീടം നേടാന്‍ കൂടി സാധിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം സഞ്ജുവിന് നല്‍കണമെന്ന ആവശ്യവും ഉയരുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും മലയാളികളുടെ അഭിമാനം ഉയര്‍ത്തിപിടിക്കാന്‍ സഞ്ജുവിനാകും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article