Sanju Samson: ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വിക്കറ്റ് കീപ്പറായി കളിക്കാന്‍ എന്തുകൊണ്ടും അര്‍ഹന്‍ സഞ്ജു സാംസണ്‍ തന്നെയെന്ന് ആരാധകര്‍. റിഷഭ് പന്തും സ്‌ക്വാഡില്‍ ഉണ്ടെങ്കിലും സഞ്ജുവിന് തന്നെയാണ് മേല്‍ക്കൈ എന്ന് ആരാധകര്‍ പറയുന്നു. ഐപിഎല്ലിലെ സഞ്ജുവിന്റെ മിന്നും പ്രകടനത്തെ ബിസിസിഐയും സെലക്ടര്‍മാരും അവഗണിക്കരുതെന്നാണ് ആരാധകരുടെ അഭിപ്രായം.
ഈ സീസണില്‍ 11 കളികളില്‍ നിന്ന് 163.54 സ്‌ട്രൈക്ക് റേറ്റില്‍ 471 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. അഞ്ച് കളികളില്‍ അര്‍ധ സെഞ്ചുറി നേടി. നാല് തവണ പുറത്താകാതെ നിന്നു. മറുവശത്ത് 12 കളികളില്‍ നിന്ന് 156.44 സ്‌ട്രൈക്ക് റേറ്റില്‍ 413 റണ്‍സാണ് റിഷഭ് പന്തിന്റെ സമ്പാദ്യം. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടി. കണക്കുകളുടെ തട്ടില്‍ വെച്ച് തൂക്കിയാല്‍ സഞ്ജു തന്നെയാണ് കേമന്‍ എന്ന് വ്യക്തമാണ്.
ഇനി ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലേക്ക് വന്നാലും സഞ്ജു തലയുയര്‍ത്തി നില്‍ക്കുന്നു. റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. മാത്രമല്ല ആദ്യ മൂന്ന് പേരില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉള്ളതും സഞ്ജുവിന് തന്നെ. ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റ് വെറും 148.08 ആണ്. ഇത്രയും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും സഞ്ജുവിന് തഴഞ്ഞാല്‍ അത് നീതികേടാകുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.