Sanju Samson: ലോകകപ്പിന് തൊട്ടുപിന്നാലെ സിംബാബ്വെയുമായി പരമ്പര, യുവതാരങ്ങളുടെ ടീമിന്റെ നായകന്‍ സഞ്ജു?

അഭിറാം മനോഹർ

ഞായര്‍, 5 മെയ് 2024 (08:36 IST)
ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ് മലയാളി താരമായ സഞ്ജു സാംസണ്‍. റിഷഭ് പന്തായിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ എന്നതിനാല്‍ ലോകകപ്പ് ടീമിലുണ്ടെങ്കിലും എല്ലാ മത്സരങ്ങളിലും സഞ്ജു കളിക്കുവാന്‍ സാധ്യത ചുരുക്കമാണ്. എങ്കിലും 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മലയാളി ലോകകപ്പ് ടീമിലെത്തിയത് ആഘോഷിക്കുകയാണ് കേരളം.
 
 ലോകകപ്പിലെ മുഴുവന്‍ മത്സരങ്ങളിലും കളിക്കാന്‍ കഴിഞ്ഞേക്കില്ലെങ്കിലും ലോകകപ്പിന് തൊട്ടുപിന്നാലെ സിംബാബ്വെക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ സഞ്ജു ഉള്‍പ്പെടാന്‍ സാധ്യതയേറെയാണ്. ലോകകപ്പ് കഴിഞ്ഞതും നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ ലോകകപ്പിലെ പ്രധാനതാരങ്ങളില്ലാതെയാകും ഇന്ത്യ ഇറങ്ങുക. ഐപിഎല്ലില്‍ മികച്ച നായകനായും പേരെടുത്ത സഞ്ജു സാംസണാകുമോ പരമ്പരയില്‍ ഇന്ത്യന്‍ നായകനാവുക എന്ന സംശയങ്ങള്‍ ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.
 
ഐപിഎല്ലില്‍ തിളങ്ങിയ അഭിഷേക് ശര്‍മ,റിയാന്‍ പരാഗ് തുടങ്ങിയ യുവതാരങ്ങളാകും സിംബാബ്വെയ്‌ക്കെതിരെ കളിക്കുക. റിങ്കു സിംഗ്, കെ എല്‍ രാഹുല്‍ എന്നിവരും ഈ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കെ എല്‍ രാഹുലിനോ സഞ്ജുവിനോ നായകസ്ഥാനം ലഭിക്കാന്‍ സാധ്യതയേറെയാണ്. ഹാര്‍ദ്ദിക് മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ടി20യില്‍ സഞ്ജു സാംസണ്‍,റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരിലാകും ഇന്ത്യ ഭാവി നായകനെ തേടുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍