നടക്കാൻ പോണത് ടി20 ലോകകപ്പ് തന്നെ, എന്താ കാര്യം ഓറഞ്ച്, പർപ്പിൾ ക്യാപ്പ് കിട്ടിയവർക്ക് ഇടമില്ല

അഭിറാം മനോഹർ

വെള്ളി, 3 മെയ് 2024 (15:54 IST)
Ruturaj,Natarajan
വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മലയാളി താരമായ സഞ്ജു സാംസണ്‍ ടീമിലിടം നേടിയപ്പോള്‍ ഫിനിഷിംഗ് താരമായ റിങ്കു സിംഗിന് ടീമില്‍ അവസരം നഷ്ടമായത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സഞ്ജു സാംസണും റിഷഭ് പന്തും ആവേശ് ഖാനുമെല്ലാം ഇത്തവണ ടീമില്‍ കടന്നത്.
 
 എന്നാല്‍ ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരവും ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല. 10 മത്സരങ്ങളില്‍ നിന്നും 509 റണ്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ റുതുരാജ് ഗെയ്ക്ക്വാദാണ് ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ളത്. എന്നാല്‍ ഐപിഎല്ലില്‍ റണ്‍സുകള്‍ അടിച്ചുകൂട്ടിയിട്ടും റുതുരാജിന് ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചില്ല. വിരാട് കോലിയ്ക്ക് പുറമെ യശ്വസി ജയ്‌സ്വാളും ഓപ്പണറായി ടീമിലുള്ളതാണ് റുതുരാജിന് പ്രശ്‌നമായത്.
 
 അതേസമയം ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ 8 മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളുമായി ഹൈദരാബാദിന്റെ ടി നടരാജനാണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുമ്രയ്ക്ക് 10 മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളാണുള്ളത്. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ടി നടരാജന്‍ നടത്തുന്നതെങ്കിലും ബുമ്രയ്‌ക്കൊപ്പം അര്‍ഷദീപ് സിംഗ്,മുഹമ്മദ് സിറാജ് എന്നിവരാണ് ടി20 ലോകകപ്പ് ടീമിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍