സഞ്ജു സാംസണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ

രേണുക വേണു

ബുധന്‍, 8 മെയ് 2024 (13:30 IST)
Sanju Samson

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് പിഴ ചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് താരത്തിനെതിരെ നടപടി. മാച്ച് ഫീയുടെ 30 ശതമാനം സഞ്ജു പിഴയടയ്ക്കണം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പുറത്തായതിനു പിന്നാലെ ഓണ്‍ ഫീല്‍ഡ് അംപയറോട് തട്ടിക്കയറിയതിനാണ് സഞ്ജുവിനെതിരെ പിഴ ചുമത്തിയത്.
 
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 20 റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 201 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. വെറും 46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണ്‍ രാജസ്ഥാനെ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പായതാണ്. അപ്പോഴാണ് സഞ്ജുവിന്റെ വിവാദ പുറത്താകല്‍. മുകേഷ് കുമാര്‍ എറിഞ്ഞ 16-ാം ഓവറിന്റെ നാലാം പന്തില്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് സഞ്ജുവിന്റെ മടക്കം. ലോങ് ഓണില്‍ ബൗണ്ടറി ലൈനിനു തൊട്ടരികില്‍ നിന്നാണ് ഹോപ്പ് ക്യാച്ചെടുത്തത്. അതേസമയം ബൗണ്ടറി റോപ്പില്‍ ഹോപ്പിന്റെ കാല്‍ തട്ടിയതായി സംശയം തോന്നിയപ്പോള്‍ ഓണ്‍ ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയറുടെ സഹായം തേടി.
 
നിമിഷ നേരം കൊണ്ട് ദൃശ്യങ്ങള്‍ പരിശോധിച്ച് തേര്‍ഡ് അംപയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു. ഇത് സഞ്ജുവിനേയും രാജസ്ഥാന്‍ ആരാധകരേയും ചൊടിപ്പിച്ചു. ഹോപ്പ് ക്യാച്ചെടുത്ത ശേഷം കാല്‍ ബൗണ്ടറി റോപ്പില്‍ തട്ടുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തേര്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചിട്ടും നിരാശനായ സഞ്ജു ഗ്രൗണ്ട് വിട്ടില്ല. ഓണ്‍ ഫീല്‍ഡ് അംപയര്‍മാരോട് സഞ്ജു തട്ടിക്കയറി. അത് ഔട്ടല്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുമല്ലോ എന്നാണ് സഞ്ജു ഓണ്‍ ഫീല്‍ഡ് അംപയറോട് ചോദിച്ചത്. അപൂര്‍വ്വമായി മാത്രമാണ് സഞ്ജു ഇത്തരത്തില്‍ അംപയര്‍മാരുടെ തീരുമാനം ചോദ്യം ചെയ്യാറുള്ളത്. ഇതിനാണ് താരത്തിനെതിരെ നടപടിയെടുത്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍