Sanju Samson: ഐപിഎല്ലല്ലേ, രോഷം പുറത്ത് കാണിക്കാതെ പരിഭവം പറയാതെ സഞ്ജു

അഭിറാം മനോഹർ

ബുധന്‍, 8 മെയ് 2024 (12:42 IST)
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ആവേശകരമായ മത്സരത്തില്‍ തോല്‍വി വഴങ്ങിയ നിരാശയിലാണ് രാജസ്ഥാന്‍ റോയല്‍സ്. ഓപ്പണര്‍മാരായ ജോസ് ബട്ട്ലറും യശ്വസി ജയ്‌സ്വാളും നിരാശപ്പെടുത്തിയപ്പോള്‍ മലയാളി താരമായ സഞ്ജു സാംസണാണ് ടീമിനെ തന്റെ ചുമലിലേറ്റിയത്. റിയാന്‍ പരാഗ് കൂടി പുറത്തായതോടെ ടീമിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത സഞ്ജു ക്രീസില്‍ നില്‍ക്കുന്നത് വരെയും രാജസ്ഥാന് മത്സരത്തില്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ വിവാദ ക്യാച്ചില്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാനും മത്സരം കൈവിട്ടു. മത്സരശേഷം പക്ഷേ ഈ വിവാദത്തെ പറ്റിയൊന്നും പറയാതെയാണ് സഞ്ജു പ്രതികരിച്ചത്.
 
 എനിക്ക് തോന്നുന്നത് മത്സരം ഞങ്ങളുടെ കയ്യില്‍ തന്നെ ആയിരുന്നു എന്നാണ്. ആ സമയത്ത് ഞങ്ങള്‍ക്ക് വിജയിക്കാന്‍ ഓവറില്‍ 11-12 റണ്‍സാണ് ആവശ്യമായിട്ടുണ്ടായിരുന്നത്. അത് ഞങ്ങള്‍ക്ക് നേടാന്‍ സാധിക്കുന്ന റണ്‍സായിരുന്നു. പക്ഷേ ഐപിഎല്ലല്ലേ എന്ത് വേണമെങ്കിലും സംഭവിക്കാം സഞ്ജു പറഞ്ഞു. ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരത പുലര്‍ത്താന്‍ ടീമിന് സാധിക്കുന്നുണ്ട്. ഞങ്ങള്ള് പ്രതീക്ഷിച്ചതിലും 10 റണ്‍സ് അധികമായി നേടാന്‍ ഡല്‍ഹിക്ക് സാധിച്ചു. അവരുടെ ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ കളിച്ചിട്ടും ഞങ്ങള്‍ മത്സരത്തിലേക്ക് തിരികെ വന്നു. 
 
അവസാന ഓവറുകളില്‍ ഞങ്ങളുടെ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍മാര്‍ക്കെതിരെ സ്റ്റമ്പ്‌സ് മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഡല്‍ഹി വിജയത്തീന്റെ നല്ല ശതമാനം ക്രെഡിറ്റും അവനാണ്. സന്ദീപിനെതിരെയും ചാഹലിനെതിരെയും 2-3 സിക്‌സുകള്‍ അധികമായി അവന്‍ നേടി. എന്തെല്ലാമായാലും ഞങ്ങള്‍ എവിടെ പരാജയപ്പെട്ടു എന്നത് പരിശോധിക്കും. അത് കണ്ടെത്തി മുന്‍പോട്ട് പോകാനാണ് ശ്രമിക്കുന്നത്. സഞ്ജു പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍