ടീമിന്റെ ഉടമയെന്നത് കയ്യില്‍ വെച്ചാല്‍ മതി,ഈ കാണിച്ച പരിപാടിക്ക് ഡല്‍ഹി കരയും

അഭിറാം മനോഹർ

ബുധന്‍, 8 മെയ് 2024 (11:29 IST)
Sanju Samson,Rajasthan Royals
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ പുറത്തായത് ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. 46 പന്തില്‍ 86 റണ്‍സുമായി രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുന്നതിനിടെയാണ് സിക്‌സര്‍ നേടാനുള്ള സഞ്ജുവിന്റെ ശ്രമം ഷായ് ഹോപ്‌സിന്റെ കയ്യില്‍ അവസാനിക്കുന്നത്. സഞ്ജു ക്രീസിലുള്ള വരെയും രാജസ്ഥാന് വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചതോടെ മത്സരത്തില്‍ രാജസ്ഥാന്റെ സാധ്യതകള്‍ അവസാനിച്ചു.
 
പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് അടിച്ച സിക്‌സ് ഷായ് ഹോപ്‌സിന്റെ കയ്യില്‍ ഒതുങ്ങിയെങ്കിലും ക്യാച്ചെടുത്ത ശേഷം നിയന്ത്രണം നഷ്ടമായ ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെന്ന് സംശയം ജനിപ്പിച്ചിരുന്നു. എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ തന്നെ തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. വൈഡ് ബോള്‍ പരിശോധിക്കാന്‍ പോലും 3-4 മിനിറ്റുകള്‍ എടുക്കുന്ന തേര്‍ഡ് അമ്പയര്‍ തിരക്കുകൂട്ടിയാണ് തീരുമാനമെടുത്തതെന്നാണ് വിമര്‍ശനം. ഈ തര്‍ക്കങ്ങള്‍ നടക്കുന്നതിനിടെ സഞ്ജുവിനോട് ക്രീസ് വിട്ട് മടങ്ങാന്‍ ഗാലറിയിലുണ്ടായിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍ ഉടമ പാര്‍ഥ് ജിന്‍ഡാല്‍ ആക്രോശിച്ചതാണ് ക്രിക്കറ്റ് പ്രേമികളെ ചൊടുപ്പിച്ചിരിക്കുന്നത്.
 
 മൈതാനത്ത് കളിക്കാര്‍ തമ്മില്‍ പല ഉരസലുകളുമുണ്ടാകും ടീം ഉടമകള്‍ ആവേശം പ്രകടിപ്പിക്കുന്നതും സ്വാഭാവികം എന്നാല്‍ എതിര്‍ ടീമിലെ ഒരു കളിക്കാരനെ അപമാനിക്കുന്ന തരത്തിലാണ് പാര്‍ഥ് ജിന്‍ഡാല്‍ പെരുമാറിയതെന്നാണ് ആരാധകര്‍ പറയുന്നത്. നിങ്ങള്‍ പണക്കാരനാകാം പക്ഷേ ക്ലാസ് എന്ന സാധനം പൈസ കൊണ്ട് ഉണ്ടാകില്ലെന്നും ആരാധകര്‍ പറയുന്നു. അതേസമയം പാര്‍ഥ് ജിന്‍ഡാലിന്റെ ഈ ആവേശം ഡല്‍ഹി ഒരു കളിയില്‍ തോല്‍ക്കുന്നതോടെ അവസാനിക്കുമെന്നും വരും മത്സരത്തില്‍ ആര്‍സിബി അത് ചെയ്യുമെന്ന് പറയുന്നവരും കുറവല്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍