ഇന്ത്യൻ ടീമിൽ എന്താകുമെന്ന് അറിയില്ല, പക്ഷേ ഐപിഎല്ലിൽ വിരമിക്കുമ്പോൾ റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ തന്നെ സഞ്ജുവുണ്ടാകും

അഭിറാം മനോഹർ
ബുധന്‍, 8 മെയ് 2024 (18:58 IST)
Sanju Samson,RR,IPL
ഇന്നലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരില്‍ നിന്നും പ്രശംസ ഏറ്റുവാങ്ങുകയാണ് രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ്‍. ടീമിനെ വിജയിപ്പിക്കാനായില്ലെങ്കിലും ഏതാണ്ട് സഞ്ജു ഒറ്റയ്ക്കാണ് രാജസ്ഥാനെ ചുമലിലേറ്റിയത്. 46 പന്തില്‍ 86 റണ്‍സുമായി തിളങ്ങിയ സഞ്ജു പല നേട്ടങ്ങളും മത്സരത്തില്‍ സ്വന്തമാക്കി.
 
രാജസ്ഥാന്‍ നായകനെന്ന നിലയില്‍ തന്റെ 56മത് മത്സരമായിരുന്നു ഡല്‍ഹിക്കെതിരെ സഞ്ജു കളിച്ചത്. ഇതോടെ രാജസ്ഥാന്റെ ഇതിഹാസ നായകനായ ഷെയ്ന്‍ വോണിന്റെ നേട്ടത്തിനൊപ്പമെത്താന്‍ സഞ്ജുവിന് സാധിച്ചു. ഇത് കൂടാതെ ഐപിഎല്ലില്‍ 200 സിക്‌സുകളെന്ന നേട്ടവും ഡല്‍ഹിക്കെതിരെ സഞ്ജു സ്വന്തമാക്കി. കൂടാതെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ ഇടം നേടാനും സഞ്ജുവിന് സാധിച്ചു. 4348 റണ്‍സുമായി പതിനഞ്ചാം സ്ഥാനത്തുണ്ടായിരുന്നു അമ്പാട്ടി റായിഡുവിനെയാണ് സഞ്ജു മറികടന്നത്.
 
 നിലവില്‍ 163 മത്സരങ്ങളില്‍ നിന്നും 31.13 ശരാശരിയില്‍ 4359 റണ്‍സാണ് സഞ്ജുവിനുള്ളത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിയ്ക്ക് 248 മത്സരങ്ങളില്‍ നിന്നും 7805 റണ്‍സാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ശിഖര്‍ ധവാന് 222 മത്സരങ്ങളില്‍ നിന്നും 6769 റണ്‍സാണുള്ളത്. നിലവില്‍ ക്രിക്കറ്റില്‍ സജീവമായുള്ള താരങ്ങളില്‍ കെ എല്‍ രാഹുല്‍ 4594 റണ്‍സുമായി സഞ്ജുവിന് മുന്നിലുണ്ട്. ഫാഫ് ഡുപ്ലെസിസ്,ദിനേഷ് കാര്‍ത്തിക്, എം എസ് ധോനി എന്നീ താരങ്ങളെല്ലാം മുന്നിലാണെങ്കിലും ഇവരെല്ലാം സമീപ ഭാവിയില്‍ തന്നെ ഐപിഎല്ലില്‍ വിരമിക്കുവാന്‍ സാധ്യതയേറെയാണ്.
 
 അതിനാല്‍ തന്നെ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ വിരമിക്കുമ്പോള്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലെത്താന്‍ സാധ്യതകള്‍ ഏറെയാണ്. നിലവില്‍ 5528 റണ്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍ താരമായ സുരേഷ് റെയ്‌നയാണ് പട്ടികയില്‍ അഞ്ചാമതായുള്ളത്. 6541 റണ്‍സുമായി മുംബൈ ഇന്ത്യന്‍സ് താരമായ രോഹിത് ശര്‍മയാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.
 
 പട്ടികയില്‍ 6769 റണ്‍സുമായി രണ്ടാം സ്ഥാനത്തുള്ള ശിഖര്‍ ധവാനും 6564 റണ്‍സുള്ള ഡേവിഡ് വാര്‍ണറും ഐപിഎല്ലിലെ സ്ഥിരസാന്നിധ്യങ്ങളല്ല എന്നതിനാല്‍ തന്നെ വിരാട് കോലി, രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നിവരാകും സഞ്ജുവിന് വെല്ലുവിളിയായി ഉണ്ടാവുക. ഇതില്‍ കോലി,രോഹിത് എന്നിവര്‍ ഐപിഎല്ലില്‍ ഏറെക്കാലം കളിക്കില്ല എന്നതിനാല്‍ തന്നെ ഐപിഎല്ലില്‍ വിരമിക്കുമ്പോഴേക്കും സഞ്ജു ആദ്യ അഞ്ചിലെത്താന്‍ സാധ്യതയേറെയാണ്. സഞ്ജുവിന്റെ എതിരാളിയായ റിഷഭ് പന്തിന് 3251 റണ്‍സാണ് ഐപിഎല്ലിലുള്ളത്. സൂര്യകുമാര്‍ യാദവിന് 3583 റണ്‍സും ഐപിഎല്ലിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article