ഡല്‍ഹിയുടെ തലവരെ തെളിഞ്ഞത് മക് ഗുര്‍ക്കിന്റെ വരവോടെ, ഐപിഎല്ലില്‍ നേരിട്ട 131 പന്തില്‍ നേടിയത് 309 റണ്‍സ്

അഭിറാം മനോഹർ

ബുധന്‍, 8 മെയ് 2024 (13:32 IST)
Mcgurk,IPL,DC
ഐപിഎല്‍ 2024ല്‍ ഏറ്റവും മോശമായ രീതിയില്‍ തങ്ങളുടെ സീസണ്‍ ആരംഭിച്ച ടീമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് .ആദ്യ മത്സരങ്ങളില്‍ തോല്‍വിയോടെ തുടങ്ങി പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരില്‍ ഒന്നായിരുന്ന ടീം പക്ഷേ ഉയര്‍ത്തെഴുന്നേറ്റു. റിഷഭ് പന്ത് ഫോമിലേക്ക് തിരിച്ചെത്തിയതിലും കൂടുതല്‍ ഡല്‍ഹിയെ സഹായിച്ചത് ഓപ്പണിംഗിലേക്ക് ഫ്രേസര്‍ മക് ഗുര്‍ക് എന്ന 22കാരന്റെ വരവാണ്. കാണുന്നതെല്ലാം തച്ചുടയ്ക്കുന്ന കാളകൂറ്റനെ കണക്കെ ആദ്യ ഓവറുകളില്‍ ആക്രമണം അഴിച്ചുവിടുന്ന മക് ഗുര്‍ക് നല്‍കുന്ന തുടക്കങ്ങളാണ് ഡല്‍ഹിയെ അപകടകാരികളാക്കിയത്.
 
 ഐപിഎല്ലിലെ 12 കളികള്‍ അവസാനിക്കുമ്പോള്‍ 6 വിജയവുമായി പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി. ഇനിയുള്ള 2 കളികളില്‍ മികച്ച റണ്‍റേറ്റോടെ വിജയിക്കാന്‍ സാധിച്ചാല്‍ ആദ്യ നാലിലെത്താന്‍ ഡല്‍ഹിക്ക് ഇനിയും അവസരമുണ്ട്. ഇന്നലെ രാജസ്ഥാനെതിരെയും വിജയിച്ചതോടെയാണ് ഡല്‍ഹി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. മത്സരത്തില്‍ 20 പന്തില്‍ നിന്നും 50 റണ്‍സുമായി മക് ഗുര്‍ക് തിളങ്ങിയിരുന്നു. ഈ ഐപിഎല്ലില്‍  131 പന്തുകളാണ് യുവതാരം നേരിട്ടത്. 235.87 സ്‌ട്രൈക്ക് റേറ്റില്‍ 309 റണ്‍സാണ് ഇത്രയും പന്തില്‍ താരം നേടിയത്. സിക്‌സുകള്‍ അടിക്കാനുള്ള മക് ഗുര്‍ക്കിന്റെ കഴിവാണ് ഓപ്പണിംഗില്‍ അയാളെ അപകടകാരിയാക്കുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങളില്‍ കളിക്കതെയിരുന്നിട്ടും 26 സിക്‌സുകള്‍ താരം ടൂര്‍ണമെന്റില്‍ നേടികഴിഞ്ഞു. 30 ഫോറുകളാണ് ഈ സീസണില്‍ മക് ഗുര്‍ക്ക് ഇതിനകം നേടിയിട്ടുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍