ടി20 ലോകകപ്പില്‍ വിരാട് കോലിയും രോഹിത് ശര്‍മയുമാകും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയെന്ന് ഏതാണ്ട് വ്യക്തമായതോടെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണിംഗ് താരം വിരേന്ദര്‍ സെവാഗ്. താനായിരുന്നു ടീമിനെ സെലക്ട് ചെയ്യുന്നതെങ്കില്‍ കോലിയെ മൂന്നാം സ്ഥാനത്തായിരിക്കും ഇറക്കുകയെന്നാണ് സെവാഗ് പറയുന്നത്. ജയ്‌സ്വാള്‍ രോഹിത് എന്നിവര്‍ പവര്‍ പ്ലേ മുതലാക്കാന്‍ കഴിയുന്ന താരങ്ങളാണ്. കോലി തീര്‍ച്ചയായും മൂന്നാം സ്ഥാനത്താണ് ഇറങ്ങേണ്ടത്.
പവര്‍പ്ലേ കഴിഞ്ഞുള്ള ഓവറുകള്‍ ടീമിന് തലവേദന സമ്മാനിക്കുന്നതാണ്. ആദ്യ വിക്കറ്റ് നേരത്തെ പോയാലും പവര്‍ പ്ലേ കഴിഞ്ഞ് പോയാലും ആ സാഹചര്യം കൈകാര്യം ചെയ്യാന്‍ കോലിയ്ക്ക് സാധിക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2007ലെ ലോകകപ്പില്‍ ടീമിനായി ഓപ്പണിംഗ് സ്ഥാനം ഉപേക്ഷിച്ച് നാലാമനായി ഇറങ്ങിയിരുന്നു. ഇന്ത്യന്‍ ടീമില്‍ 2 മികച്ച ഓപ്പണര്‍മാരുള്ളപ്പോള്‍ കോലി ചെയ്യേണ്ടതും അതാണ്. ഓപ്പണര്‍മാര്‍ തരുന്ന മൊമന്റം കളയാതിരിക്കാനുള്ള റോളാണ് കോലി ഏറ്റെടുക്കേണ്ടത്. സെവാഗ് പറഞ്ഞു.