India vs England Lord's Test: കൈയ്യടിക്കാതെ വയ്യ, ബാറ്റർമാർ പതറിയ ഇടത്ത് പ്രതിരോധം തീർത്തത് ഇന്ത്യൻ വാലറ്റം, താരങ്ങളായി സിറാജും ബുമ്രയും

അഭിറാം മനോഹർ

തിങ്കള്‍, 14 ജൂലൈ 2025 (21:43 IST)
India vs England
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ജഡേജയ്‌ക്കൊപ്പം കയ്യടി നേടി ഇന്ത്യന്‍ പേസര്‍മാരായ ജസ്പീത് ബുമ്രയും മുഹമ്മദ് സിറാജും. ഇത്തവണ ബൗളിംഗ് കൊണ്ടല്ല തങ്ങളുടെ ബാറ്റിംഗ് കൊണ്ടാണ് ഇരുവരും കയ്യടി നേടുന്നത് എന്ന് മാത്രം. ആദ്യ ഇന്നിങ്ങ്‌സില്‍ ഇരു ടീമുകളും 387 റണ്‍സിന് ഓളൗട്ടായിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യയ്ക്ക് മുന്നില്‍ 193 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ട് ഉയര്‍ത്തിയത്.
 
 മത്സരത്തിന്റെ നാലാം ദിവസം തന്നെ 4 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ഇന്ത്യ അഞ്ചാം ദിവസത്തില്‍ കളിക്കാനായി ഇറങ്ങിയത്. മത്സരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ കെ എല്‍ രാഹുല്‍,റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിങ്ങനെ 3 പ്രധാന വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജഡേജയ്‌ക്കൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 13 റണ്‍സില്‍ നില്‍ക്കെ നിതീഷ് കുമാര്‍ റെഡ്ഡിയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി.
 
 എന്നാല്‍ 8 വിക്കറ്റുകള്‍ വീണതോടെ ഒരു ചടങ്ങ് തീര്‍ക്കല്‍ മാത്രമാണ് ഇംഗ്ലണ്ടിന് ബാക്കിയുള്ളത് എന്ന നിലയില്‍ നിന്നും കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. ടീം സ്‌കോര്‍ 112ല്‍ നില്‍ക്കെ 8 വിക്കറ്റ് നഷ്ടമായ ഇന്ത്യന്‍ നിരയില്‍ ഒന്‍പതാമനായി പത്താമനായി ജസ്പ്രീത് ബുമ്രയാണ് കളിക്കാനായി ഇറങ്ങിയത്. ഒന്‍പതാം വിക്കറ്റില്‍  35 റണ്‍സിന്റെ അമൂല്യമായ കൂട്ടുക്കെട്ടാണ് ബുമ്രയും ജഡേജയും ചേര്‍ന്ന് സ്വന്തമാക്കിയത്. 54 പന്തില്‍ 5 റണ്‍സെടുത്ത് പുറത്തായ ബുമ്ര വലിയ പ്രതിരോധമാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്നില്‍ തീര്‍ത്തത്. ടീം സ്‌കോര്‍ 147 റണ്‍സില്‍ നില്‍ക്കെ ജസ്പ്രീത് ബുമ്രയെ നഷ്ടമായെങ്കിലും പിന്നീടെത്തിയ മുഹമ്മദ് സിറാജും ഇംഗ്ലണ്ട് പേസ് നിരയെ ചെറുത്തുനിന്നു. ഷോയ്ബ് ബഷീറിന്റെ പന്തില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ സിറാജ് പുറത്താകുമ്പോള്‍ 30 പന്തില്‍ 4 റണ്‍സാണ് താരം നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍