India vs England Lord's Test : പോരാട്ടം പാഴായി, ക്രീസിൽ ഹൃദയം തകർന്ന് ജഡേജയും സിറാജും, ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി

അഭിറാം മനോഹർ

തിങ്കള്‍, 14 ജൂലൈ 2025 (21:34 IST)
Jadeja- Siraj
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വീരോചിതമായ പോരാട്ടം പാഴായി. മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ ഇരു ടീമുകളും 387 റണ്‍സിന് ഓളൗട്ടായിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യയ്ക്ക് മുന്നില്‍ 193 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ട് ഉയര്‍ത്തിയത്. മത്സരത്തിന്റെ നാലാം ദിവസം തന്നെ 4 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ഇന്ത്യ അഞ്ചാം ദിവസത്തില്‍ കളിക്കാനായി ഇറങ്ങിയത്. മത്സരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ കെ എല്‍ രാഹുല്‍,റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിങ്ങനെ 3 പ്രധാന വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജഡേജയ്‌ക്കൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 13 റണ്‍സില്‍ നില്‍ക്കെ നിതീഷ് കുമാര്‍ റെഡ്ഡിയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് അവസാന സെഷന്‍ വരെ കളി നീട്ടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
 
 
112 റണ്‍സിന് 8 വിക്കറ്റെന്ന നിലയില്‍ ഒന്‍പതാം വിക്കറ്റില്‍ വില മതിക്കാനാവാത്തെ 35 റണ്‍സാണ് ബുമ്ര- ജഡേജ സഖ്യം കൂട്ടിച്ചേര്‍ത്തത്. മത്സരത്തില്‍ ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും മത്സരത്തില്‍ ഇന്ത്യയ്ക്കായി ഉറച്ചുനിന്ന ജഡേജ 118 പന്തില്‍ 61 റണ്‍സാണ് മത്സരത്തില്‍ നേടിയത്. 54 പന്തില്‍ 5 റണ്‍സുമായി ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കിയ ജസ്പ്രീത് ബുമ്രയെ നഷ്ടമായിട്ടും പത്താം വിക്കറ്റിലും വീരോചിതമായാണ് ഇന്ത്യ പോരാടിയത്. 30 പന്തില്‍ 4 റണ്‍സെടുത്ത മുഹമ്മദ് സിറാജ് ഷോയ്ബ് ബഷീറിന്റെ പന്തില്‍ നിര്‍ഭാഗ്യകരമായ രീതിയിലാണ് പുറത്തായത്. ഇതോടെ മത്സരത്തില്‍ 22 റണ്‍സിന്റെ തോല്‍വി ഇന്ത്യ ഏറ്റുവാങ്ങി. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍