കഴിഞ്ഞ 2-3 വർഷങ്ങളായി രോഹിത് എന്താണ് ചെയ്തത്, ക്യാപ്റ്റനായും ബാറ്ററായും പരാജയമായിരുന്നു, ഹാര്‍ദ്ദിക്കിന്റെ വിമര്‍ശകരോട് സെവാഗ്
ഐപിഎല്ലിലെ 8 മത്സരങ്ങളില്‍ 3 വിജയങ്ങളും 5 തോല്‍വികളുമായി പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദ്ദിക് പാണ്ഡ്യ നായകനായെത്തിയ ശേഷം മുംബൈ പരാജയപ്പെടുമ്പോഴെല്ലാം വലിയ വിമര്‍ശനമാണ് താരം ഏറ്റുവാങ്ങുന്നത്. ബൗളറെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഹാര്‍ദ്ദിക്കിന് ടൂര്‍ണമെന്റില്‍ ഇതുവരെ തിളങ്ങാനായിട്ടില്ല. സമൂഹമാധ്യങ്ങളില്‍ ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും ഹാര്‍ദ്ദിക്കിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്. കഴിഞ്ഞ 2-3 കൊല്ലമായി മുംബൈയ്ക്ക് കപ്പ് നേടികൊടുക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചിട്ടില്ലെന്നും സെവാഗ് ആരാധകരെ ഓര്‍മിപ്പിച്ചു.
ടീമിന്റെ മുകളില്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷ ഹാര്‍ദ്ദിക്കിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ സീസണിലും മുംബൈ സമാനമായ സ്ഥിതിയിലായിരുന്നു. അതിന് മുന്‍പുള്ള വര്‍ഷങ്ങളിലും അങ്ങനെ തന്നെ. മുംബൈയ്ക്കിത് പുതുമയുള്ള കാര്യമല്ല. ബാറ്ററെന്ന നിലയില്‍ രോഹിത് ടീമിനായി മികച പ്രകടനങ്ങളല്ല നടത്തിയിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ 23 സീസണായി മുംബൈയ്ക്ക് കിരീടമില്ലെന്നും സെവാഗ് ഓര്‍മിപ്പിക്കുന്നു. ഹാര്‍ദ്ദിക് ഇപ്പോള്‍ സ്വയം മെച്ചപ്പെടാനാണ് ശ്രമിക്കേണ്ടത്. ഗുജറാത്ത് ടൈറ്റന്‍സിനായി നാലാമനായാണ് ഹാര്‍ദ്ദിക് ബാറ്റ് ചെയ്തിരുന്നത്. മുംബൈയില്‍ ബാറ്റ് ചെയ്യുന്നത് ഏഴാമനായും.ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമാണ് ഹാര്‍ദ്ദിക്കിനെ വലയ്ക്കുന്നത്. വാലറ്റത്ത് 18 പന്തുകള്‍ മാത്രം ലഭിച്ചാല്‍ ഹാര്‍ദ്ദിക്കിന് തിളങ്ങാനാകണമെന്നില്ല. ഹാര്‍ദ്ദിക് സ്വയം ചാന്‍സ് നല്‍കണം. ബാറ്റിംഗ് മെച്ചപ്പെടുത്തണം. ബൗളിംഗും ക്യാപ്റ്റന്‍സിയും ഇതോടെ നല്ല രീതിയിലാകും. സെവാഗ് പറഞ്ഞു.