Bumrah- Hardik: ആദ്യമെ പന്ത് കിട്ടിയാലെ വല്ല കാര്യവുമുള്ളു, ബുമ്രയുടെ മറുപടി ഹാർദ്ദിക്കിനുള്ളതോ?

അഭിറാം മനോഹർ

വെള്ളി, 19 ഏപ്രില്‍ 2024 (19:56 IST)
jasprit Bumrah,Mumbai Indians
ഐപിഎല്ലിലെ ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ഇന്നലെ നടന്ന പഞ്ചാബ് കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 193 എന്ന വലിയ വിജയലക്ഷ്യമായിരുന്നു പഞ്ചാബിന് മുന്നില്‍ വെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ് പഞ്ചാബ് 77 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് മത്സരത്തില്‍ തിരികെയെത്തിയത്. തുടക്കത്തില്‍ തന്നെ പഞ്ചാബ് ബാറ്റര്‍മാരെ പുറത്താക്കാനായതാണ് മത്സരത്തില്‍ നിര്‍ണായകമായത്.
 
ശശാങ്ക് സിംഗും അശുതോഷ് റാണയും തമ്മിലുള്ള കൂടൂക്കെട്ട് അപകടകരമായ രീതിയിലേക്ക് നീങ്ങിയപ്പോള്‍ മുംബൈ സൂപ്പര്‍ പേസറായ ജസ്പ്രീത് ബുമ്രയായിരുന്നു ടീമിന് ബ്രേക്ക് ത്രൂ നല്‍കിയത്. മത്സരത്തില്‍ 3 വിക്കറ്റുകളുമായി തിളങ്ങിയ ജസ്പ്രീത് ബുമ്ര മത്സരശേഷം നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മത്സരത്തില്‍ പഞ്ചാബിന്റെ വിക്കറ്റുകള്‍ തുടക്കത്തിലെ വീഴ്ത്താനായത് നിര്‍ണായകമായിരുന്നു.
 
തീര്‍ച്ചയായും കളിയുടെ തുടക്കത്തില്‍ തന്നെ ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ എല്ലാവരും ശ്രമിക്കും. ഈയൊരു ഫോര്‍മാറ്റില്‍ ആദ്യ രണ്ട് ഓവറില്‍ പുതിയ പന്തില്‍ കൂടുതല്‍ സ്വിങ് ലഭിക്കും. അതിനാല്‍ കൂടുതല്‍ പന്തെറിയാന്‍ ഞാന്‍ ആഗ്രഹിക്കും. ടി20യില്‍ അതിനാല്‍ തന്നെ ആദ്യ 2 ഓവറുകളില്‍ അവസരം കിട്ടുമ്പോള്‍ ഇമ്പാക്റ്റ് ഉണ്ടാക്കുക എന്നത് പ്രധാനമാണ്. ടീമിനെ സഹായിക്കാനായതില്‍ സന്തോഷമുണ്ട് ബുമ്ര പറഞ്ഞു.
 
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളറാണെങ്കിലും മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരങ്ങളില്‍ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ ബുമ്രയ്ക്ക് ന്യൂ ബോള്‍ നല്‍കിയിരുന്നില്ല. ഈ മത്സരങ്ങളിലെല്ലാം തന്നെ മുംബൈ പരാജയപ്പെടുകയും ചെയ്തിരുന്നു. ബുമ്ര തിരികെ തന്റെ പൊസിഷനിലേക്ക് എത്തിയതോടെ അതിന്റെ ഗുണവും മുംബൈയ്ക്ക് ലഭിച്ചു തുടങ്ങി. ഈ സാഹചര്യത്തില്‍ കൂടിയാണ് തന്റെ ഗെയിമിനെ പറ്റി ബുമ്ര മനസ്സ് തുറന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍