Hardik Pandya: ലോകകപ്പിൽ കളിക്കണോ പാണ്ഡ്യ തിളങ്ങിയെ പറ്റു, എല്ലാ കണ്ണുകളും ഹാർദ്ദിക്കിലേക്ക്

അഭിറാം മനോഹർ

വ്യാഴം, 18 ഏപ്രില്‍ 2024 (15:22 IST)
ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സ് മുംബൈയെ നേരിടുമ്പോള്‍ എല്ലാ കണ്ണുകളും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയിലേക്ക്. ആറ് കളികളില്‍ നാലിലും തോറ്റ് പോയന്റ് പട്ടികയില്‍ പിന്നിലാണ് ഇരു ടീമുകളും. നായകന്‍ ശിഖര്‍ ധവാന് പരിക്കേറ്റ സാഹചര്യത്തില്‍ സാം കറനാണ് പഞ്ചാബിനെ നയിക്കുന്നത്.
 
രോഹിത് ശര്‍മ,ഇഷാന്‍ കിഷന്‍,തിലക് വര്‍മ,സൂര്യകുമാര്‍ യാദവ് എന്നിവരടങ്ങുന്ന മുംബൈ ബാറ്റിംഗ് ശക്തമാണ്. ബൗളിംഗില്‍ മികച്ച പ്രകടനമാണ് ജസ്പ്രീത് ബുമ്ര,ജെറാള്‍ഡ് കൂറ്റ്‌സെ എന്നിവരടങ്ങിയ ബൗളിംഗ് നിരയും കാഴ്ചവെയ്ക്കുന്നത്. സ്പിന്നര്‍മാരായി ആരും തിളങ്ങുന്നില്ല എന്നത് മാത്രമാണ് മുംബൈയെ വലയ്ക്കുന്ന ഘടകം. അതേസമയം പഞ്ചാബ് നിരയില്‍ ഇതുവരെ തിളങ്ങാന്‍ ആര്‍ക്കും തന്നെ സാധിച്ചിട്ടില്ല, കഗിസോ റബാഡ,ആര്‍ഷദീപ് സിംഗ്,ഹര്‍ഷല്‍ പട്ടേല്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും ശരാശരി മാത്രമാണ്.
 
ബൗളര്‍മാരുടെ ശവപറമ്പാകുന്ന ഐപിഎല്ലില്‍ ഇന്നും റണ്‍സൊഴുകാന്‍ തന്നെയാണ് സാധ്യത. അതേസമയം ബാറ്റിംഗിലും ബൗളിംഗിലും ഹാര്‍ദ്ദിക്കിന്റെ പ്രകടനത്തെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടി20 ലോകകപ്പ് ടീമില്‍ ഇടം നേടണമെങ്കില്‍ ബൗളിംഗിലും ഹാര്‍ദ്ദിക് തിളങ്ങണമെന്ന് ബിസിസിഐ നിര്‍ദേശിച്ച സാഹചര്യത്തില്‍ ഹാര്‍ദ്ദിക് ഇന്നും പന്തെറിഞ്ഞേക്കും. ബാറ്ററായും തിളങ്ങാനാകാത്തതിനാല്‍ ടി20 ലോകകപ്പിലെ ഹാര്‍ദ്ദിക്കിന്റെ സ്ഥാനം തുലാസിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍