ക്യാപ്റ്റന്‍ കരയാന്‍ പാടില്ല എന്നത് കൊണ്ട് മാത്രമാണ് ഹാര്‍ദ്ദിക് ഗ്രൗണ്ടില്‍ അഭിനയിക്കുന്നത്, ഹാര്‍ദ്ദിക്കിന്റെ ഉള്ള് തകര്‍ന്നിരിക്കയാണെന്ന് പീറ്റേഴ്‌സണ്‍

അഭിറാം മനോഹർ

തിങ്കള്‍, 15 ഏപ്രില്‍ 2024 (12:40 IST)
Hardik Pandya,Mumbai Indians,Captain
ഐപിഎല്‍ 2024 സീസണ്‍ ആരംഭിച്ചത് മുതല്‍ വലിയ രീതിയിലുള്ള വെറുപ്പാണ് കാണികളില്‍ നിന്നും ഇന്ത്യന്‍ ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യ ഏറ്റുവാങ്ങുന്നത്. രോഹിത് ശര്‍മയെ നായക സ്ഥാനത്ത് നിന്ന് മാറ്റി ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ മുംബൈ ആരാധകര്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടായിരുന്നു. അതിനാല്‍ തന്നെ ഈ ഐപിഎല്ലില്‍ വലിയ രീതിയിലുള്ള രോഷമാണ് ആരാധകരില്‍ നിന്നും ഹാര്‍ദ്ദിക് ഏറ്റുവാങ്ങിയത്. ആദ്യ മത്സരങ്ങള്‍ തോല്‍ക്കുക കൂടി ചെയ്തതോടെ ഹാര്‍ദ്ദിക് വലിയ പ്രതിസന്ധിയിലായി.
 
ഗ്രൗണ്ടില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ തുടങ്ങി കളിക്കാരനെന്ന നിലയിലും മോശം പ്രകടനമാണ് താരം നടത്തുന്നത്. പുറത്ത് നടക്കുന്ന സംഭവങ്ങള്‍ ഹാര്‍ദ്ദിക്കിന്റെ ആത്മവിശ്വാസത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുള്ളതായി മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നു. ചെന്നൈയ്‌ക്കെതിരെ നായകനെന്ന നിലയില്‍ ഹാര്‍ദ്ദിക് പൂര്‍ണ്ണപരാജയമായിരുന്നു. പേസര്‍മാര്‍ക്കെതിരെ ചെന്നൈ ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുമ്പോള്‍ ഒരു സ്പിന്നറെ കൊണ്ടുവരാന്‍ പോലും ഹാര്‍ദ്ദിക് ശ്രമിച്ചില്ല. ഗ്രൗണ്ടിന് പുറത്തെ കാര്യങ്ങള്‍ ഹാര്‍ദ്ദിക്കിനെ ബാധിച്ചിട്ടുണ്ട്. ഇത് എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ മുംബൈയ്ക്ക് വലിയ തിരിച്ചടിയാകും.
 

"It's affecting him, it's affecting his cricket and something needs to happen" - #KevinPietersen on Hardik's last over vs @msdhoni and the ups and downs of his captaincy!
 

ഗ്രൗണ്ടില്‍ ഇറങ്ങുന്നത് മുതല്‍ ഹാര്‍ദിക് കാണിക്കുന്നത് അഭിനയമാണ്. ടോസിന്റെ സമയത്തെല്ലാം ആത്മവിശ്വാസം പുറത്തുകാണിക്കാനായി ഭയങ്കരമായി ചിരിക്കുന്നു. താന്‍ സന്തോഷവാനാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ഹാര്‍ദ്ദിക് നടത്തുന്ന ശ്രമമായാണ് ഞാന്‍ ഇതിനെ കാണുന്നത്. ഹാര്‍ദ്ദിക് ഒട്ടും സന്തോഷവാനല്ലെന്ന് കണ്ടാല്‍ മനസിലാകും. ഞാനാണെങ്കിലും ഇങ്ങനെയൊരു അവസ്ഥയില്‍ സന്തോഷത്തോടെ ഇരിക്കാനാകില്ല. ഹാര്‍ദ്ദിക്കിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല. ഹാര്‍ദ്ദിക്കിനെ ധോനി തുടര്‍ച്ചയായി സിക്‌സുകള്‍ പറത്തിയപ്പോള്‍ ആരാധകര്‍ സന്തോഷിക്കുകയാണ്. ഇതെല്ലാം അയാളെ വേദനിപ്പിക്കുന്നുണ്ട്. ഹാര്‍ദ്ദിക് ഒരു ഇന്ത്യന്‍ താരമാണ്. കാണികള്‍ ഇത്തരത്തില്‍ പെരുമാറരുത്. ഈ പെരുമാറ്റം തുടരുന്നിടത്തോളം ഹാര്‍ദ്ദിക്കിന്റെ പ്രകടനത്തെയും അത് ബാധിക്കും. അത് തടയാന്‍ എന്തെങ്കിലും ചെയ്‌തെ പറ്റു. പീറ്റേഴ്‌സണ്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍