മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയില്‍ തിരിച്ചടി നേരിടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമിലെ സ്ഥാനവും തുലാസില്‍. ടി20 ലോകകപ്പ് ടീമില്‍ ഓള്‍ റൗണ്ടര്‍ താരമായിട്ടാണ് പാണ്ഡ്യയെ ഇന്ത്യ പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ഐപിഎല്ലിലെ ബൗളിംഗ് പ്രകടനങ്ങള്‍ കൂടി കണക്കിലെടുത്തെ പാണ്ഡ്യയെ ഇന്ത്യന്‍ ടീമില്‍ തിരെഞ്ഞെടുക്കു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. 2024 ഐപിഎല്‍ സീസണില്‍ ഇതുവരെ ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങാന്‍ ഹാര്‍ദ്ദിക്കിനായിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ടീം മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും കോച്ച് രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തീയത്. ഐപിഎല്ലില്‍ സ്ഥിരമായി പന്തെറിഞ്ഞാല്‍ മാത്രം ഹാര്‍ദ്ദിക്കിനെ ടീമിലെടുത്താല്‍ മതിയെന്ന തീരുമാനമാണ് ഇവര്‍ എടുത്തിരിക്കുന്നത്. ഐപിഎല്ലിലെ ആദ്യ 2 കളികളില്‍ പന്തെറിഞ്ഞ പാണ്ഡ്യ പിന്നീടുള്ള മത്സരങ്ങളില്‍ മുംബൈയ്ക്കായി പന്തെറിഞ്ഞിരുന്നില്ല.
എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നാലെ ആര്‍സിബിക്കെതിരെ ഒരോവറും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മൂന്നോവറും താരം എറിഞ്ഞിരുന്നു. ചെന്നൈയ്‌ക്കെതിരെ 2 വിക്കറ്റുകള്‍ നേടിയെങ്കിലും 43 റണ്‍സ് താരം വിട്ടുകൊടുത്തിരുന്നു. അവസാന ഓവറില്‍ മഹേന്ദ്രസിംഗ് ധോനി നടത്തിയ ആക്രമണമാണ് ഹാര്‍ദ്ദിക്കിന് തിരിച്ചടിയായത്. ചെന്നൈയ്‌ക്കെതിരെ ബാറ്റിംഗിലും പാണ്ഡ്യ നിരാശപ്പെടുത്തിയിരുന്നു.