Rohit Sharma: ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിനു പുറത്തായ താരങ്ങളുടെ പട്ടികയില്‍ രോഹിത് ശര്‍മയും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ നാല് പന്തില്‍ പൂജ്യത്തിനു പുറത്തായതോടെയാണ് മുംബൈ താരം രോഹിത് ശര്‍മയുടെ പേരില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് ചാര്‍ത്തപ്പെട്ടത്.
ഐപിഎല്ലില്‍ ഇത് പതിനെട്ടാം തവണയാണ് രോഹിത് ഡക്കിനു പുറത്താകുന്നത്. ഐപിഎല്ലിന്റെ 18-ാം സീസണിലാണ് ഈ മോശം റെക്കോര്‍ഡ് നേട്ടമെന്നതും ശ്രദ്ധേയമാണ്. ഗ്ലെന്‍ മാക്‌സ്വെല്‍, ദിനേശ് കാര്‍ത്തിക് എന്നിവരും നേരത്തെ ഐപിഎല്ലില്‍ 18 ഡക്കിനു പുറത്തായിട്ടുണ്ട്.
അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തോടെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമനായി രോഹിത്. ഐപിഎല്ലില്‍ രോഹിത് 258 മത്സരങ്ങള്‍ കളിച്ചു. 257 മത്സരങ്ങള്‍ കളിച്ച ദിനേശ് കാര്‍ത്തിക്കിനെ ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ മറികടന്നു. 265 മത്സരങ്ങള്‍ കളിച്ച മഹേന്ദ്രസിങ് ധോണിയാണ് ഇനി രോഹിത്തിനു മുന്നിലുള്ളത്.