Chennai Super Kings vs Mumbai Indians: തോറ്റു തുടങ്ങി മുംബൈ; ചെന്നൈയുടെ ജയം നാല് വിക്കറ്റിന്

രേണുക വേണു

തിങ്കള്‍, 24 മാര്‍ച്ച് 2025 (08:19 IST)
Chennai Super Kings

Chennai Super Kings vs Mumbai Indians: ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനു തോല്‍വി. ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാല് വിക്കറ്റിനാണ് മുംബൈയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങില്‍ അഞ്ച് പന്തുകളും നാല് വിക്കറ്റും ശേഷിക്കെ ചെന്നൈ ലക്ഷ്യം കണ്ടു. 
 
ഓപ്പണര്‍ രചിന്‍ രവീന്ദ്ര (45 പന്തില്‍ പുറത്താകാതെ 65), നായകന്‍ ഋതുരാജ് ഗെയ്ക്വാദ് (26 പന്തില്‍ 53) എന്നിവര്‍ ചെന്നൈയ്ക്കായി അര്‍ധ സെഞ്ചുറി നേടി. രോഹിത് ശര്‍മയുടെ സബ് ആയി ഇംപാക്ട് പ്ലെയര്‍ റൂളിലൂടെ കളിക്കാനിറങ്ങിയ മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ നാല് ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മുംബൈയ്ക്ക് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. ദീപക് ചഹറും വില്‍ ജാക്‌സും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 
 
നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നൂര്‍ അഹമ്മദ് ആണ് ചെന്നൈയുടെ വിജയശില്‍പ്പി. ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 29 വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 25 പന്തില്‍ 31 റണ്‍സ് നേടിയ തിലക് വര്‍മയും 26 പന്തില്‍ 29 റണ്‍സെടുത്ത നായകന്‍ സൂര്യകുമാര്‍ യാദവും 15 പന്തില്‍ പുറത്താകാതെ 28 റണ്‍സ് നേടിയ ദീപക് ചഹറുമാണ് മുംബൈയ്ക്കായി ബാറ്റിങ്ങില്‍ പൊരുതിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍