ഐപിഎല്ലില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍. സെഞ്ചുറിയുമായി ഇഷാന്‍ കിഷനും അര്‍ധസെഞ്ചുറിയുമായി ട്രാവിസ് ഹെഡും തിളങ്ങിയ മത്സരത്തില്‍ ക്രീസിലെത്തിയ ഹൈദരാബാദ് ബാറ്റര്‍മാരെല്ലാം രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മത്സരത്തിന്റെ ഒരുഘട്ടത്തിലും ബാറ്റര്‍മാരെ നിയന്ത്രിക്കാന്‍ രാജസ്ഥാന് കഴിയാതെ വന്നതോടെ 286 റണ്‍സാണ് സണ്‍റൈസേഴ്‌സ് അടിച്ചെടുത്തത്.
മത്സരത്തിന്റെ 14.1 ഓവറില്‍ തന്നെ ടീം സ്‌കോര്‍ 200 കടത്താന്‍ ഹൈദരാബാദിനായെങ്കിലും 300 എന്ന മാന്ത്രികസംഖ്യ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. 47 പന്തില്‍ 6 സിക്‌സുകളും 15 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഹൈദരാബാദിനായുള്ള തന്റെ ആദ്യ മത്സരത്തിലെ ഇഷാന്റെ പ്രകടനം. ടീം സ്‌കോര്‍ 45 റണ്‍സില്‍ നില്‍ക്കെ അഭിഷേക് ശര്‍മയുടെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ ക്രീസിലെത്തിയ ഇഷാന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന് പിന്തുണ നല്‍കിയാണ് ഇന്നിങ്ങ്‌സിന് തുടക്കമിട്ടത്.
പത്താം ഓവറില്‍ ടീം സ്‌കോര്‍ 202 റണ്‍സില്‍ നില്‍ക്കെയാണ് 67 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ നഷ്ടമായ ഹൈദരാബാദിന്റെ സ്‌കോറിംഗ് പിന്നീട് ഏറ്റെടുത്തത് കിഷനായിരുന്നു. 15 പന്തില്‍ 30 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും 14 പന്തില്‍ 34 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനും മികച്ച പിന്തുണയാണ് താരത്തിന് നല്‍കിയത്. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമായതോടെയാണ് 300 എന്ന മാന്ത്രികസംഖ്യയ്ക്ക് മുന്‍പെ ഹൈദരാബാദ് ഇന്നിങ്ങ്‌സ് അവസാനിച്ചത്. രാജസ്ഥാനായി തുഷാര്‍ ദേഷ്പാണ്ഡെ 4 ഓവറില്‍ 44 റണ്‍സ് വഴങ്ങി മൂന്നും 4 ഓവറില്‍ 52 റണ്‍സ് വഴങ്ങിയ മതീഷ തീക്ഷണ 2 വിക്കറ്റും സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.