Faf du Plessis: പേരിനൊരു ക്യാപ്റ്റന്‍, ഒരു ഉപകാരവും ഇല്ല; ഡു പ്ലെസിസിനെ പുറത്താക്കണമെന്ന് ആര്‍സിബി ആരാധകര്‍

രേണുക വേണു
ബുധന്‍, 3 ഏപ്രില്‍ 2024 (08:21 IST)
Faf du Plessis

Faf du Plessis: ഫാഫ് ഡു പ്ലെസിസിന്റെ ക്യാപ്റ്റന്‍സിക്കെതിരെ തുറന്നടിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകര്‍. ഡു പ്ലെസിസിന്റെ മോശം ഫോമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിലും തോറ്റ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. ഈ പോക്കാണെങ്കില്‍ ആര്‍സിബി പ്ലേ ഓഫ് കാണില്ലെന്ന് ആരാധകര്‍ ഉറപ്പിച്ചു പറയുന്നു. ബാറ്റിങ്ങില്‍ മോശം ഫോം തുടരുന്ന ഡു പ്ലെസിസിനെ നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകണമെന്നാണ് ആരാധകരുടെ ആവശ്യം. 
 
നാല് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 65 റണ്‍സ് മാത്രമാണ് ഡു പ്ലെസിസ് ഇതുവരെ നേടിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ 23 പന്തില്‍ 35 റണ്‍സ് നേടിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. രണ്ട് തവണ രണ്ടക്കം കാണാതെ പുറത്തായി. ക്യാപ്റ്റന്‍ ആയതുകൊണ്ട് മാത്രമാണ് ഡു പ്ലെസിസിന് പ്ലേയിങ് ഇലവനില്‍ ഇപ്പോഴും അവസരം കിട്ടുന്നത്. ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തിനു ചേരുന്ന വിധം ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇനിയും ഡു പ്ലെസിസിനെ നായകസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ആത്മഹത്യാപരമെന്നാണ് ആര്‍സിബി ആരാധകരുടെ അഭിപ്രായം. 
 
ട്വന്റി 20 യില്‍ മികച്ച ബാറ്ററായ ഇംഗ്ലണ്ട് താരം വില്‍ ജാക്‌സ് ആര്‍സിബിയുടെ സ്‌ക്വാഡില്‍ ഉണ്ട്. ഇതുവരെ ഒരു കളിയില്‍ പോലും അവസരം ലഭിച്ചിട്ടില്ല. ഡു പ്ലെസിസിനെ മാറ്റി വില്‍ ജാക്‌സിനെ ഓപ്പണറായി പരീക്ഷിക്കണമെന്നും ആരാധകര്‍ പറയുന്നു. മാത്രമല്ല വില്‍ ജാക്‌സിനെ പാര്‍ട് ടൈം ബൗളറായും ഉപയോഗിക്കാന്‍ സാധിക്കും. നായകസ്ഥാനം മറ്റാര്‍ക്കെങ്കിലും നല്‍കി ഡു പ്ലെസിസിന് പകരം വില്‍ ജാക്‌സിനെ ഓപ്പണറാക്കുകയാണ് ആര്‍സിബി മാനേജ്‌മെന്റ് ചെയ്യേണ്ടതെന്നും ആരാധകര്‍ക്ക് അഭിപ്രായമുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article