ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. ഓപ്പണര്‍ രോഹിത് ശര്‍മ അടക്കം മൂന്ന് ബാറ്റര്‍മാര്‍ ഗോള്‍ഡന്‍ ഡക്കായി. 21 പന്തില്‍ 34 റണ്‍സ് നേടിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും 29 പന്തില്‍ 32 റണ്‍സ് നേടിയ തിലക് വര്‍മയുമാണ് മുംബൈയുടെ ടോപ് സ്‌കോറര്‍മാര്‍. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് മുംബൈയുടെ ബോള്‍ട്ടിളക്കിയത്. യുസ്വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റും നാന്ദ്രേ ബര്‍ജര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ റോയല്‍സിനും തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ യഷസ്വി ജയ്‌സ്വാള്‍ (ആറ് പന്തില്‍ 10), ജോസ് ബട്‌ലര്‍ (16 പന്തില്‍ 13) എന്നിവര്‍ അതിവേഗം മടങ്ങി. നായകന്‍ സഞ്ജു സാംസണ്‍ 10 പന്തില്‍ 12 റണ്‍സെടുത്ത് പുറത്തായി. ബാറ്റര്‍മാര്‍ കഷ്ടപ്പെട്ട പിച്ചില്‍ 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും അടക്കം 54 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിയാന്‍ പരാഗാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. രവിചന്ദ്രന്‍ അശ്വിന്‍ 16 പന്തില്‍ 16 റണ്‍സ് നേടി.