Riyan Parag: 'പാന്‍പരാഗ് മോന്‍ പോയി വല്ല കണ്ടം ക്രിക്കറ്റ് കളിക്ക്'; അന്ന് ട്രോളിയവര്‍ എവിടെ? മധുരപ്രതികാരം സാക്ഷാല്‍ കോലിയെ മറികടന്ന് !

രേണുക വേണു

ചൊവ്വ, 2 ഏപ്രില്‍ 2024 (10:47 IST)
Riyan Parag

Riyan Parag: ഐപിഎല്‍ ചരിത്രത്തില്‍ റിയാന്‍ പരാഗിനോളം ട്രോള്‍ ചെയ്യപ്പെട്ട യുവതാരം ഉണ്ടാകില്ല. മുന്‍ സീസണുകളില്‍ മോശം ഫോമിന്റെ പേരില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പരാഗിനെ രാജസ്ഥാന്‍ റിലീസ് ചെയ്യണമെന്ന് ആരാധകര്‍ പോലും മുറവിളി കൂട്ടിയിരുന്നു. അതേ രാജസ്ഥാന്‍ ആരാധകര്‍ ഇപ്പോള്‍ പറയുന്നു അടുത്ത മെഗാ താരലേലത്തില്‍ വേറെ ആരെയൊക്കെ റിലീസ് ചെയ്താലും പരാഗിനെ വിട്ടുകൊടുക്കരുതെന്ന് ! ട്രോളിയവരെ കൊണ്ട് 'ചെക്കാ നീ സൂപ്പറാ..!' എന്നു പറയിപ്പിക്കാനും ഒരു റേഞ്ച് വേണം. നിശ്ചയദാര്‍ഢ്യത്തിന്റെയും തിരിച്ചുവരവിന്റെയും പ്രതീകമായിരിക്കുകയാണ് രാജസ്ഥാന്റെ യുവതാരം റിയാന്‍ പരാഗ്. 
 
ഈ സീസണില്‍ മൂന്ന് മത്സരം കഴിയുമ്പോള്‍ രാജസ്ഥാന്‍ മൂന്നിലും ജയിച്ചിരിക്കുകയാണ്, എല്ലാ കളികളിലും പരാഗ് ടീമിനു വേണ്ടി നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ചു. മാത്രമല്ല സാക്ഷാല്‍ വിരാട് കോലിയെ പിന്നിലാക്കി ഏറ്റവും കൂടുതല്‍ റണ്‍സിനുള്ള ഓറഞ്ച് ക്യാപ് 'തലയിലാക്കുകയും' ചെയ്തു ! ഈ സീസണിലെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 160.18 സ്‌ട്രൈക്ക് റേറ്റില്‍ 181 റണ്‍സാണ് പരാഗ് നേടിയിരിക്കുന്നത്. ഇതില്‍ രണ്ട് കളികള്‍ പുറത്താകാതെ നിന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ നാലാമനായി ക്രീസിലെത്തി പുറത്താകാതെ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 
 
ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിനു ശേഷമാണ് പരാഗ് ഇത്തവണ ഐപിഎല്‍ കളിക്കാന്‍ എത്തിയത്. നിലവിലെ ഫോം പരിഗണിച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പരാഗിന് ബാറ്റിങ് ഓര്‍ഡറില്‍ പ്രൊമോഷന്‍ നല്‍കി. നാലാമനായാണ് പരാഗ് മൂന്ന് കളികളിലും ക്രീസിലെത്തിയത്. സാഹചര്യം മനസിലാക്കി ആക്രമിച്ചു കളിക്കേണ്ടിടത്ത് ആക്രമിച്ചു കളിക്കാനും നിലയുറപ്പിക്കേണ്ടിടത്ത് ശ്രദ്ധയോടെ ഇന്നിങ്‌സ് കൊണ്ടുപോകാനും പരാഗിന് സാധിച്ചു. അതിന്റെ ഫലമാണ് ഇപ്പോള്‍ പരാഗിന്റെ തലയില്‍ ഇരിക്കുന്ന ഓറഞ്ച് ക്യാപ്. 
 
2023 സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും 78 റണ്‍സാണ് പരാഗ് നേടിയത്. 20 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 118.18 മാത്രം ! 2022 ല്‍ 17 മത്സരങ്ങളില്‍ നിന്ന് 183 റണ്‍സ് നേടിയതാണ് പരാഗിന്റെ തരക്കേടില്ലാത്ത ഒരു സീസണ്‍. ഈ സീസണില്‍ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ തന്നെ പരാഗ് 181 റണ്‍സ് നേടിക്കഴിഞ്ഞു. നിലവിലെ ഫോം തുടര്‍ന്നാല്‍ പരാഗിന്റെ ക്രിക്കറ്റ് കരിയറില്‍ അതൊരു വലിയ മാറ്റത്തിന്റെ തുടക്കമാകും. മാത്രമല്ല ട്വന്റി 20 ലോകകപ്പ് ടീമിലേക്കുള്ള ക്ഷണം ലഭിക്കുകയും ചെയ്യും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍