Sanju Samson : ടീമിന്റെ തീരുമാനങ്ങളില്‍ ക്യാപ്റ്റനെന്ന പ്രാധാന്യമില്ല, ആഗ്രഹിച്ച ഓപ്പണിംഗ് പൊസിഷനും നഷ്ടമായി, സഞ്ജു രാജസ്ഥാന്‍ വിടാന്‍ കാരണങ്ങളേറെ

അഭിറാം മനോഹർ

വെള്ളി, 8 ഓഗസ്റ്റ് 2025 (16:16 IST)
മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടതായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി രാജസ്ഥാനൊപ്പമുള്ള സഞ്ജു ഫ്രാഞ്ചൈസി മാറുന്ന വാര്‍ത്ത ഞെട്ടിപ്പിക്കേണ്ടതാണെങ്കിലും ആരാധകര്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കാന്‍ ആ വാര്‍ത്ത കൊണ്ടായില്ല. കഴിഞ്ഞ സീസണിലുടനീളം സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ അകല്‍ച്ചയുണ്ടെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകളും സഞ്ജുവിന്റെ ട്രേഡിങ്ങുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളുമായിരുന്നു അതിന് കാരണം.
 
കഴിഞ്ഞ സീസണില്‍ പരിക്ക് കാരണം ഒട്ടെറെ മത്സരങ്ങളില്‍ സഞ്ജുവിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. നായകനെന്ന നിലയില്‍ ടീമിന്റെ പ്രധാനതാരമാണെങ്കിലും പല പ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും രാജസ്ഥാനില്‍ സഞ്ജുവിന് റോളുണ്ടായിരുന്നില്ല. താരത്തിന് പരിക്കേറ്റ സമയത്ത് പകരം ഓപ്പണറായി ടീമിലെത്തിയ വൈഭവ് സൂര്യവംശി തിളങ്ങുക കൂടി ചെയ്തതോടെ സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനവും നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയിരുന്നു.
 
 ബാറ്റിംഗ് പൊസിഷനിലും സൂപ്പര്‍ ഓവര്‍ അടക്കമുള്ള കാര്യങ്ങളില്‍ നായകന് തീരുമാനമെടുക്കാന്‍ അവസരം ലഭിക്കാത്തതുമടക്കം ഒട്ടെറെ കാരണങ്ങളാണ് സഞ്ജുവിന്റെ പുറത്താകലിന് ഇപ്പോള്‍ കാരണമായിട്ടുള്ളത്. ഒന്നെങ്കില്‍ അടുത്ത ഐപിഎല്‍ താരലേലത്തില്‍ തന്നെ വില്‍ക്കണമെന്നും അല്ലെങ്കില്‍ റിലീസ് ചെയ്യണമെന്നുമാണ് സഞ്ജുവിന്റെ ആവശ്യം. അങ്ങനെയെങ്കില്‍ സഞ്ജുവിനായി പ്രധാനമായും 2 ടീമുകളാകും ഐപിഎല്‍ 2026ന് മുന്‍പായി രംഗത്തുണ്ടാവുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ 2 വമ്പന്‍ ക്ലബുകളാണ് സഞ്ജുവിനായി മത്സരരംഗത്തുള്ളത്. ഐപിഎല്‍ നിയമപ്രകാരം ഒരു താരത്തെ വില്‍ക്കാനും റിലീസ് ചെയ്യാനുമുള്ള തീരുമാനമെടുക്കേത് ഫ്രാഞ്ചൈസിയാണ്. അതിനാല്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനം സഞ്ജുവിന്റെ കാര്യത്തില്‍ നിര്‍ണായകമാകും.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍