Royal Challengers Bengaluru: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐപിഎല്ലില്‍ മൂന്നാം തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 28 റണ്‍സിനാണ് ആര്‍സിബി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടിയപ്പോള്‍ ബെംഗളൂരു 19.4 ഓവറില്‍ 153 ന് ഓള്‍ഔട്ടായി. ലഖ്‌നൗ പേസര്‍ മായങ്ക് യാദവാണ് കളിയിലെ താരം.
ഓപ്പണര്‍മാരായ വിരാട് കോലി (16 പന്തില്‍ 22), ഫാഫ് ഡു പ്ലെസിസ് (13 പന്തില്‍ 19) എന്നിവര്‍ ചേര്‍ന്ന് ബെംഗളൂരുവിന് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ലഖ്‌നൗ കളി തിരിച്ചുപിടിച്ചു. മഹിപാല്‍ ലോംറര്‍ 13 പന്തില്‍ 33 റണ്‍സ് നേടിയത് ഒഴിച്ചാല്‍ മറ്റാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഗ്ലെന്‍ മാക്‌സ്വെല്‍ (പൂജ്യം) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
ലഖ്‌നൗവിന്റെ സ്പീഡ് സ്റ്റാര്‍ മായങ്ക് യാദവ് നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ വിക്കറ്റുകള്‍ മായങ്ക് സ്വന്തമാക്കി. നവീന്‍ ഉള്‍ ഹഖിന് രണ്ട് വിക്കറ്റ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് 56 പന്തില്‍ 81 റണ്‍സ് നേടി ടോപ് സ്‌കോററായി. നിക്കോളാസ് പൂറാന്‍ 21 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു.
നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിലും തോറ്റ ആര്‍സിബി പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ്. പഞ്ചാബിനെതിരായ മത്സരത്തില്‍ മാത്രമാണ് ആര്‍സിബി ജയിച്ചത്.