MS Dhoni: അണ്ണന്‍ കളിച്ചാല്‍ ടീം പൊട്ടും, വേഗം ഔട്ടായാല്‍ ജയിക്കും; 2023 മുതല്‍ 'ശോകം'

രേണുക വേണു

ബുധന്‍, 9 ഏപ്രില്‍ 2025 (11:36 IST)
MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍ക്കുന്ന കളികളില്‍ മഹേന്ദ്രസിങ് ധോണി കൂടുതല്‍ റണ്‍സെടുക്കുന്നു, എന്നാല്‍ ജയിക്കുന്ന കളികളിലാകട്ടെ വേഗം കൂടാരം കയറും. 2023 മുതല്‍ ധോണിയുടെ ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. 
 
2023 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റ 14 കളികളില്‍ 90.66 ശരാശരിയില്‍ 272 റണ്‍സ് ധോണി നേടിയിട്ടുണ്ട്. എന്നാല്‍ ജയിച്ച 13 കളികളില്‍ 13.80 ശരാശരിയില്‍ വെറും 69 റണ്‍സ് മാത്രമാണ് ധോണിയുടെ നേട്ടം. അതായത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയങ്ങളില്‍ കാര്യമായ സംഭാവന നല്‍കാന്‍ ധോണിക്ക് സാധിക്കാതെയായിട്ട് ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി. 
 
ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 51.50 ശരാശരിയില്‍ 103 റണ്‍സാണ് ധോണി നേടിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ആകട്ടെ 14 മത്സരങ്ങള്‍ കളിച്ചിട്ട് ആകെ നേടിയത് 161 റണ്‍സ് മാത്രം. ധോണി അവസാനമായി ഒരു സീസണില്‍ 200 റണ്‍സില്‍ മുകളില്‍ നേടിയത് 2022 ലാണ്. 2021 ല്‍ 114 റണ്‍സും 2020 ല്‍ 200 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. 
 
ദീര്‍ഘനേരം ബാറ്റ് ചെയ്യാന്‍ താരത്തിനു ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്നാണ് ചെന്നൈ മാനേജ്മെന്റ് തന്നെ സമ്മതിക്കുന്നു. എന്നിട്ടും ഫിനിഷര്‍ റോളില്‍ ധോണിയെ തുടരാന്‍ അനുവദിക്കുന്നതിന്റെ ഔചിത്യം ആരാധകര്‍ക്കു പോലും മനസിലാകുന്നില്ല. ചെന്നൈ മാനേജ്മെന്റും ധോണിയുടെ ഭാവിയെ കുറിച്ചുള്ള ആലോചനയിലാണ്. പ്ലേയിങ് ഇലവനില്‍ നിന്ന് മാറിനില്‍ക്കാന്‍ മാനേജ്മെന്റ് ധോണിയോടു ആവശ്യപ്പെട്ടില്ല. മറിച്ച് ഇക്കാര്യത്തില്‍ ധോണി ഉചിതമായ തീരുമാനമെടുത്ത് സ്വയം മാറിനില്‍ക്കട്ടെ എന്നാണ് മാനേജ്മെന്റില്‍ പലരുടെയും അഭിപ്രായം. ധോണി ടീമിനു ബാധ്യതയാകുന്നെന്ന വിമര്‍ശനം ആരാധകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍