അസാധാരണ പ്രകടനം, പക്വതയുള്ള ബാറ്റിംഗ്, സഞ്ജുവിനെ പുകഴ്ത്തി ഷാഹിദ് അഫ്രീദി, ഇന്ത്യൻ ടീമിനും പ്രത്യേക അഭിനന്ദനം
2026 ടി20 ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെയും അഫ്രീദി പ്രത്യേകം പ്രശംസിച്ചു. തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇന്ത്യന്‍ സംഘത്തിന് അഭിനന്ദനങ്ങളുമായി അഫ്രീദി രംഗത്തെത്തിയത്.
ലോകകപ്പില്‍ സഞ്ജു കാഴ്ചവെച്ച പ്രകടനം അസാധാരണമാണെന്ന് അഫ്രീദി പറഞ്ഞു. 'സഞ്ജു സാംസണ്‍ മികച്ച രീതിയിലാണ് കളിച്ചത്. തനിക്ക് ലഭിച്ച അവസരങ്ങള്‍ അദ്ദേഹം കൃത്യമായി വിനിയോഗിച്ചു. കൃത്യമായ പ്ലാനിംഗോടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും ബാറ്റിംഗിലെ പക്വതയും എടുത്തു പറയേണ്ടതാണ്,' അഫ്രീദി വ്യക്തമാക്കി. യുവതാരങ്ങളായ അഭിഷേക് ശര്‍മ്മയുടെയും ഇഷാന്‍ കിഷന്റെയും പ്രകടനങ്ങളെയും അഫ്രീദി എടുത്തുപറഞ്ഞു. ഇന്ത്യന്‍ ബൗളിങ്ങിന്റെ നട്ടെല്ല് ജസ്പ്രീത് ബുമ്രയാണെന്നും പഴയ പന്തിലും പുതിയ പന്തിലും യോര്‍ക്കറുകള്‍ എറിയുന്നതില്‍ ബുമ്ര ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
അഫ്രീദിക്ക് പുറമെ മുന്‍ പാക് ക്യാപ്റ്റന്‍ റാഷിദ് ലത്തീഫും ഇന്ത്യയെ അഭിനന്ദിച്ചു. വലിയ ടൂര്‍ണമെന്റുകളുടെ ഫൈനലുകളില്‍ സ്ഥിരമായി എത്തുന്നതിലൂടെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ വിജയിക്കുന്നത് ഇന്ത്യന്‍ താരങ്ങള്‍ക്ക് ശീലമായെന്നും വ്യക്തമായ പ്ലാനിങ്ങും പ്രകടനത്തിലെ സ്ഥിരതയുമാണ് ഇന്ത്യയുടെ വിജയരഹസ്യമെന്നും ലത്തീഫ് നിരീക്ഷിച്ചു.