ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലും ചെന്നൈ തോറ്റു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ് കളിയിലെ താരം.
പ്രിയാന്‍ഷ് 42 പന്തില്‍ ഏഴ് ഫോറും ഒന്‍പത് സിക്‌സും സഹിതം 103 റണ്‍സ് അടിച്ചുകൂട്ടി. പഞ്ചാബിന്റെ മൊത്തം സ്‌കോറില്‍ ഏതാണ്ട് 50 ശതമാനം റണ്‍സും പ്രിയാന്‍ഷിന്റെ ബാറ്റില്‍ നിന്നാണ് പിറന്നത്. 83-5 എന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ച ശേഷമാണ് പ്രിയാന്‍ഷിന്റെ മടക്കം. ശശാങ്ക് സിങ് (36 പന്തില്‍ പുറത്താകാതെ 52), മാര്‍ക്കോ യാന്‍സണ്‍ (19 പന്തില്‍ പുറത്താകാതെ 34) എന്നിവരും പഞ്ചാബിനായി മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങില്‍ ഡെവന്‍ കോണ്‍വെ (49 പന്തില്‍ 69), ശിവം ദുബെ (27 പന്തില്‍ 42), രചിന്‍ രവീന്ദ്ര (23 പന്തില്‍ 36), എം.എസ്.ധോണി (12 പന്തില്‍ 27) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ചെന്നൈക്ക് ജയിക്കാനായില്ല. പഞ്ചാബിനായി ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. യാഷ് താക്കൂര്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മാത്രമാണ് ചെന്നൈ ജയിച്ചത്. ബെംഗളൂരു, രാജസ്ഥാന്‍, ഡല്‍ഹി എന്നിവര്‍ക്കെതിരെ നേരത്തെ തോല്‍വി വഴങ്ങിയിരുന്നു. ഏപ്രില്‍ 11 ന് കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.