Who is Priyansh Arya: 3.8 കോടി വലിച്ചെറിഞ്ഞത് വെറുതെയല്ല; ആര് എറിഞ്ഞാലും 'വാച്ച് ആന്റ് ഹിറ്റ്'

രേണുക വേണു

ബുധന്‍, 9 ഏപ്രില്‍ 2025 (10:10 IST)
Priyansh Arya

Who is Priyansh Arya: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ പഞ്ചാബ് കിങ്‌സിന്റെ ആദ്യ വിക്കറ്റ് വീണു. ഒരു വശത്ത് ഓരോരുത്തരായി കൂടാരം കയറുമ്പോള്‍ മറുവശത്ത് വളരെ കൂളായി 23 കാരന്‍ പ്രിയാന്‍ഷ് ആര്യ നില്‍ക്കുന്നു, പഞ്ചാബിന്റെ എല്ലാ പ്രതീക്ഷകളും തോളിലേറ്റി ! 
 
83-5 എന്ന നിലയില്‍ പഞ്ചാബ് തകര്‍ന്നെങ്കിലും നിശ്ചിത 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 219 റണ്‍സ് ! ഓപ്പണറായി ക്രീസിലെത്തിയ പ്രിയാന്‍ഷ് 42 പന്തില്‍ 103 റണ്‍സ് ! ഒന്‍പത് സിക്‌സുകളും ഏഴ് ഫോറുകളും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു പ്രിയാന്‍ഷ് ആര്യയുടേത്. 
 
മെഗാ താരലേലത്തില്‍ പഞ്ചാബ് കാത്തിരുന്ന് റാഞ്ചിയ യുവതാരമാണ് പ്രിയാന്‍ഷ്. അണ്‍ക്യാപ്ഡ് താരമായ പ്രിയാന്‍ഷിനു വേണ്ടി 3.8 കോടി രൂപ പഞ്ചാബ് ചെലവഴിച്ചു. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിനായി പത്ത് ഇന്നിങ്‌സുകളില്‍ നിന്ന് 608 റണ്‍സ് അടിച്ചുകൂട്ടിയ താരമാണ് പ്രിയാന്‍ഷ്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ഭാഗമായിരുന്ന പഞ്ചാബിന്റെ ഇപ്പോഴത്തെ പരിശീലകന്‍ റിക്കി പോണ്ടിങ് ആണ് പ്രിയാന്‍ഷ് ആര്യയെ 'സ്‌കെച്ച്' ചെയ്തത്. ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പ്രിയാന്‍ഷിനായി ലേലത്തില്‍ മത്സരിച്ചെങ്കിലും പഞ്ചാബ് വിട്ടുകൊടുത്തില്ല. 
 
ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ നോര്‍ത്ത് ഡല്‍ഹി സ്‌ട്രൈക്കേഴ്‌സിനെതിരെ 50 പന്തില്‍ 120 റണ്‍സ് നേടി പ്രിയാന്‍ഷ് ഞെട്ടിച്ചിരുന്നു. ഈ മത്സരത്തില്‍ മനാന്‍ ഭരദ്വാജിന്റെ ഒരോവറില്‍ ആറ് സിക്‌സുകളും താരം പറത്തി. ഇതോടെ ഐപിഎല്‍ താരലേലത്തില്‍ ഡിമാന്‍ഡ് ഉള്ള താരമായി പ്രിയാന്‍ഷ്. 


2023-24 സീസണില്‍ സയദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍ പ്രിയാന്‍ഷ് ആയിരുന്നു. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 31.71 ശരാശരിയും 166.91 സ്‌ട്രൈക് റേറ്റുമായി 222 റണ്‍സാണ് സമ്പാദ്യം. ഗൗതം ഗംഭീറിന്റെ പഴയ കോച്ചായിരുന്ന സഞ്ജയ് ഭരദ്വാജാണ് പ്രിയാന്‍ഷിന്റെ പരിശീലകന്‍.
 
ഈ സീസണില്‍ പഞ്ചാബിനായി ഓപ്പണ്‍ ചെയ്യുന്ന പ്രിയാന്‍ഷ് നാല് മത്സരങ്ങളില്‍ നിന്ന് 39.50 ശരാശരിയില്‍ 158 റണ്‍സ് നേടിയിട്ടുണ്ട്. 210.67 ആണ് പ്രഹരശേഷി. പന്തെറിയാന്‍ വരുന്നത് ഏത് കൊലകൊമ്പന്‍ ആയാലും 'വാച്ച് ആന്റ് ഹിറ്റ്' എന്ന നയമാണ് പ്രിയാന്‍ഷിന്റേത്. സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നതും പ്രിയാന്‍ഷിനെ മറ്റു യുവതാരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍