Rohit Sharma: രോഹിത് ശര്‍മയുടെ ഫോംഔട്ടില്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനു കടുത്ത അതൃപ്തി. രോഹിത്തിന്റെ കളി ടീമിനു ബാധ്യതയാകുന്നെന്നാണ് പരിശീലകന്‍ മഹേള ജയവര്‍ധനെ അടക്കം വിലയിരുത്തുന്നത്. മോശം ഫോമിലും രോഹിത്തിനു പ്രതിരോധം തീര്‍ത്തിരുന്ന ടീം മാനേജ്‌മെന്റ് മുന്‍ നായകനെ കൈവിടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ തോല്‍വിക്കു പിന്നാലെ പവര്‍പ്ലേയില്‍ മുംബൈ നിരാശപ്പെടുത്തുകയാണെന്ന് ജയവര്‍ധനെ തുറന്നടിച്ചു. ടീമിനു ആവശ്യമുള്ള റണ്‍സ് പവര്‍പ്ലേയില്‍ വരുന്നില്ലെന്ന് ജയവര്‍ധനെ പറയുമ്പോള്‍ അതില്‍ പരോക്ഷമായി രോഹിത്തിനെതിരായ ഒളിയമ്പുണ്ട്. പവര്‍പ്ലേയില്‍ തന്നെ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമാകുന്നത് മറ്റു താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നെന്ന് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നു.
ഈ സീസണില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 0, 8, 13, 17 എന്നിങ്ങനെയാണ് രോഹിത് ശര്‍മയുടെ സ്‌കോറുകള്‍. നാല് കളികളില്‍ നിന്ന് 9.50 ശരാശരിയില്‍ വെറും 38 റണ്‍സ് മാത്രം. കഴിഞ്ഞ മൂന്ന് സീസണുകള്‍ നോക്കിയാല്‍ രോഹിത് ഒരു സീസണില്‍ മാത്രമാണ് 400 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. 2022 ല്‍ 14 കളികളില്‍ നിന്ന് 268 റണ്‍സും 2023 ല്‍ 16 കളികളില്‍ നിന്ന് 332 റണ്‍സുമാണ് രോഹിത്തിന്റെ സമ്പാദ്യം. 2024 ല്‍ 14 കളികളില്‍ നിന്ന് 417 റണ്‍സെടുത്ത് നില മെച്ചപ്പെടുത്തി. കഴിഞ്ഞ സീസണുകള്‍ പരിശോധിച്ചാല്‍ പോലും ടീമിനായി അത്ര വലിയ 'ഇംപാക്ട്' ഉണ്ടാക്കാന്‍ രോഹിത്തിനു സാധിച്ചിട്ടില്ല. നിലവിലെ ഫോം ഔട്ട് തുടര്‍ന്നാല്‍ ഒരുപക്ഷേ രോഹിത്തിന്റെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇത്. മോശം പ്രകടനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം മത്സരത്തില്‍ നിന്ന് രോഹിത് സ്വയം പിന്മാറിയത് പോലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി വരും മത്സരങ്ങളിലും രോഹിത് കളിക്കാതിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
2011 ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്. 2025 ലെ മെഗാ താരലേലത്തിനു മുന്‍പ് 16.30 കോടിക്ക് രോഹിത്തിനെ നിലനിര്‍ത്താന്‍ മുംബൈ തീരുമാനിക്കുകയും ചെയ്തു. രോഹിത്തിന്റെ നിലവിലെ ബാറ്റിങ് പ്രകടനം കാണുമ്പോള്‍ 16 കോടിക്ക് നിലനിര്‍ത്തേണ്ടിയിരുന്ന താരമായിരുന്നോ എന്നതാണ് മുംബൈ ആരാധകര്‍ അടക്കം ചോദിക്കുന്നത്.