കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരെയ്ന്‍ ആണ് ഇത്തവണ ദിഗ്വേഷിനു മുന്നില്‍ പെട്ടത്. മത്സരത്തില്‍ 13 പന്തുകള്‍ നേരിട്ട സുനില്‍ നരെയ്ന്‍ 30 റണ്‍സെടുത്താണ് പുറത്തായത്. ദിഗ്വേഷിനെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച കൊല്‍ക്കത്ത ഓപ്പണര്‍ ബൗണ്ടറി ലൈനിനു സമീപം ഏദന്‍ മാര്‍ക്രത്തിനു ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. നരെയ്ന്‍ പുറത്തായതിനു പിന്നാലെ ഗ്രൗണ്ടില്‍ എഴുതിയാണ് ദിഗ്വേഷ് രതി നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയത്.
നേരത്തെ രണ്ട് തവണ നോട്ട്ബുക്ക് സെലിബ്രേഷന്റെ പേരില്‍ പിഴ ചുമത്തപ്പെട്ട താരമാണ് ദിഗ്വേഷ്. ഈ സീസണില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ അവരുടെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയപ്പോഴാണ് ദിഗ്വേഷ് കൈയില്‍ എഴുതി നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയത്. ഔട്ടായ ബാറ്റര്‍ക്കു അടുത്തേക്ക് നടന്നുപോയാണ് ഈ ആഘോഷപ്രകടനം. അന്ന് മാച്ച് ഫീയുടെ 25 ശതമാനം ബിസിസിഐ പിഴ ചുമത്തി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നമാന്‍ ധിര്‍ പുറത്തായപ്പോള്‍ ഇതേ ആഘോഷപ്രകടനം ആവര്‍ത്തിച്ചു. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനു അന്ന് 50 ശതമാനമാണ് പിഴയടയ്‌ക്കേണ്ടി വന്നത്. അതുകൊണ്ടാണ് ഇത്തവണ കൈകളില്‍ എഴുതിയുള്ള നോട്ട്ബുക്ക് സെലിബ്രേഷനു പകരം ഗ്രൗണ്ടില്‍ എഴുതി തൃപ്തിയടഞ്ഞത്.
നോട്ട്ബുക്ക് സെലിബ്രേഷന്‍ ഗ്രൗണ്ടില്‍ എഴുതിയാണ് നടത്തിയതെങ്കിലും ഇത്തവണയും ദിഗ്വേഷിനു പണി കിട്ടാനാണ് സാധ്യത. ഒരു തവണ കൂടി മോശം പെരുമാറ്റത്തിനു കുറ്റക്കാരനായി കണ്ടെത്തിയാല്‍ താരത്തിനു ഒരു മത്സരത്തില്‍ വിലക്ക് വരാന്‍ സാധ്യതയുണ്ട്.