ഡിജിറ്റൽ സിദ്ധാന്തവും മേഘസിദ്ധാന്തവും; മോദി ഹീറോയാടാ ഹീറോ

Webdunia
ചൊവ്വ, 14 മെയ് 2019 (15:06 IST)
ഇന്ത്യയുടെ പ്രധാനമന്ത്രി മോദിക്ക് അറിയാന്‍ പാടില്ലാത്തതായി എന്തെങ്കിലുമുണ്ടോ? 'എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിൽ' ബിരുദാനന്തര ബിരുദമുള്ള മോദിക്ക് റഡാറുകളുടെ സയന്‍സിനെപ്പറ്റി അറിയാതിരിക്കുമോ?. ന്യൂസ് നേഷനില്‍ വന്ന അഭിമുഖം കണ്ടാല്‍ മനസ്സിലാകും മോദിയുടെ സയന്‍സ് സിംപിള്‍ ആണെന്ന്, മാത്രമല്ല പവര്‍ഫുളും.  യുദ്ധ വിമാനങ്ങള്‍ മേഘങ്ങള്‍ക്കിടയിലൂടെ പറന്നുയരുമ്പോള്‍ പാകിസ്താന്‍ റഡാറുകളുടെ കണ്ണ് മറയുമല്ലോ? ഈ കണ്ടെത്തലുകള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെത്തന്നെ വെട്ടിത്തിരുത്തുകയാണ്!.
 
ന്യൂസ് നാഷന്‍സില്‍ വന്ന അഭിമുഖത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജ്ഞാനദാഹത്തെ കുറിച്ചുള്ള പരിഹാസങ്ങളും വിമര്‍ശങ്ങളും ഏതാണ്ട് ഈ സ്വഭാവത്തിലുള്ളതാണ്. പക്ഷെ കോണ്‍ഗ്രസ് ഒരുപടി കൂടി കടന്നു. അതിനെ രാഷ്ട്രീയമായി തിരിച്ചടിക്കാന്‍ ഉപയോഗിച്ചു. മോദിയുടെ വാക്കുകള്‍ ഇത്രയെളുപ്പത്തില്‍ ഒരു തിരിച്ചടിക്ക് സാധ്യമാകുമെന്ന് കോണ്‍ഗ്രസ് പോലും പ്രതീക്ഷിച്ചുകാണില്ല. 60 കോണ്‍ഗ്രസ് എന്തു ചെയ്തു എന്ന് നിരന്തരം ചോദിക്കുന്നതാണ് മോദിയുടെ രീതി. എല്ലാ പ്രസംഗങ്ങളിലും മോദി ഈ ചോദ്യം ഉന്നയിക്കാതിരിക്കില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് എല്ലാം മാറ്റിയെന്ന് സ്ഥാപിക്കാനാണ് മോദിയുടെ ഈ 60 കൊല്ലത്തെ വിമര്‍ശനം. 
 
ഇപ്പോൾ, 60 വര്‍ഷത്തെ നേട്ടങ്ങള്‍ മോദിയുടെ ന്യൂസ് നേഷന്‍സ് അഭിമുഖത്തിലെ വാക്കുകള്‍ തന്നെ ഉദ്ദരിച്ച് തിരിച്ചടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇനി മേലാല്‍ 60 വര്‍ഷം കോണ്‍ഗ്രസ് എന്ത് ചെയ്തുവെന്ന് ചോദിക്കരുത് എന്ന ഒരു മുന്നറിയിപ്പും. 
 
കോണ്‍ഗ്രസിന് ഈ ധൈര്യം കിട്ടിയത് ഇങ്ങനെയാണ്.  1987-88 കാലഘട്ടത്തില്‍ ഡിജിറ്റല്‍ ക്യാമറ തന്നെ കൈവശമുണ്ടായിരുന്ന വ്യക്തിയാണ് താന്‍ എന്നാണ് അഭിമുഖത്തില്‍ മോദി അവകാശപ്പെട്ടത്.  '87ലോ 88ലോ ഞാന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിരുന്നു. വളരെ കുറച്ചുപേര്‍ മാത്രമേ അന്ന് ഇ മെയില്‍ ഉപയോഗിച്ചിരുന്നുള്ളൂ. ഗുജറാത്തില്‍ അദ്വാനി ഒരു പൊതുയോഗത്തില്‍ പങ്കെടുത്തു. ഡിജിറ്റല്‍ ക്യാമറയില്‍ ഞാന്‍ ഒരു ചിത്രം പകര്‍ത്തി. അത് ഡല്‍ഹിക്ക് ട്രാന്‍സ്മിറ്റ് ചെയ്തു. അടുത്ത ദിവസം തന്നെ പ്രസിദ്ധീകരിച്ചു. ഒരു ദിവസം കൊണ്ട് കളര്‍ ഫോട്ടോ തന്നെ എങ്ങനെ കിട്ടി എന്ന് അദ്വാനിജി അത്ഭുതപ്പെട്ടു.'- അഭിമുഖത്തിലെ മോദിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 
 
ഇത് കേട്ടാണ് എല്ലാവരും അമ്പരന്നത്. 1995 ലാണ് വിഎസ്എന്‍എല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങുന്നത്. ഇതിന് മുമ്പേ മോദി ഇത് സാധ്യമാക്കി എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
 
അറിവിന്റെ ചക്രവാളങ്ങള്‍ കാലങ്ങളെ ഭേദിച്ചിരുന്നവെന്ന് വേണം കരുതാന്‍. അല്ലെങ്കിലും പല സാങ്കേതിക വിദ്യകളും ഇന്ത്യയിലാണ് ആദ്യം കണ്ടു പിടിച്ചിട്ടുള്ളത്. പുരാണത്തില്‍ തന്നെ ഇത് പറഞ്ഞിട്ടുണ്ടെന്നാണ് ബിജെപി നേതാക്കന്മാര്‍ പറയുന്നത്. മേഘസിദ്ധാന്തവും ഡിജിറ്റല്‍ ഫോട്ടോയും വെളിപ്പെടുത്തിയതോടെ സോഷ്യല്‍മീഡിയിയില്‍ ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണങ്ങള്‍ സജീവമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article