കേരള കോണ്‍ഗ്രസില്‍ (എം) അധികാരപ്പോര്; ജോസഫിനെ തഴഞ്ഞ് ജോസ് കെ മാണിക്കായി ചരടുവലി
ഞായര്‍, 12 മെയ് 2019 (16:03 IST)
കേരള കോണ്‍ഗ്രസില്‍ (എം) അധികാര വടംവലി മറനീക്കി പുറത്തേക്ക്. മുതിര്‍ന്ന നേതാവ് പിജെ ജോസഫിനെ തഴഞ്ഞ് നേതൃത്വ നിരയില്‍ എത്താന്‍ മാണി വിഭാഗം നീക്കം ആരംഭിച്ചു.
ജോസ് കെ മാണിയെ പാര്‍ട്ടി ചെയർമാനാക്കണമെന്ന് മാണി വിഭാഗം സി എഫ് തോമസിനെ അറിയിച്ചു. ഒമ്പത് ജില്ലാ അധ്യക്ഷൻമാരാണ് ഈ ആവശ്യം ഉന്നയിച്ചത്. പാർട്ടി ചെയർമാൻ സ്ഥാനത്തിനൊപ്പം പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനവും ആവശ്യപ്പെട്ടു.
സി എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകണമെന്നും ഇവർ സംയുക്തമായി ആവശ്യപ്പെട്ടു. സിഎഫ് തോമസിനോടു നിലപാട് വ്യക്തമാക്കിയതിനുശേഷം നേതാക്കൾ ജോസ് കെ മാണിയെയും കണ്ടു.
14 ജില്ലകളിൽ 10 ലും മാണി വിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്റ് പദവിയിലുള്ളത്. ഇതിൽ ഒമ്പത് പേരാണ് സിഎഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചത്. 14 ജില്ലാ പ്രസിഡന്റുമാരിൽ പത്ത് പേരും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നുണ്ട്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പിജെ ജോസഫിന് ചെയര്മാന് സ്ഥാനം ലഭിക്കണമെന്നായിരുന്നു മറുവിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഈ നീക്കങ്ങള്‍ മുന്നില്‍ക്കണ്ടാണ് മാണി വിഭാഗം കരുനീക്കങ്ങള്‍ ആരംഭിച്ചത്.
മാണി വിഭാഗത്തിന്റെ ആവശ്യം ജോസ് കെ മാണി ചെയർമാനാകണമെന്നാണ്. ജോസഫ് വിഭാഗം ചെയർമാനായി മുന്നോട്ടു വച്ചിരുന്ന പേര് സിഎഫ് തോമസിന്റേതാണ്. തിങ്കളാഴ്ച യുഡിഎഫ് യോഗത്തിനുശേഷം മുതിർത്ത നേതാക്കൾ ഒരുമിച്ചിരുന്നു പ്രശ്നം ചർച്ച ചെയ്യാനായിരുന്നു തീരുമാനം. അതിനിടെയാണ് ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ നിർണായക നീക്കം നടക്കുന്നത്.