സത്യത്തിൽ പ്രധാനമന്ത്രിയുടെ വിദേശയാത്രാച്ചെലവെത്ര?

തിങ്കള്‍, 13 മെയ് 2019 (15:24 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ ഏറെ  വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ത്തിയവയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറിമാറി പറക്കുന്ന പ്രധാനമന്ത്രിയെ സ്വന്തം നാട്ടില്‍ കാണാന്‍ കിട്ടുന്നില്ലെന്ന് വരെ വിമർശനങ്ങളും ഉയര്‍ന്നിരുന്നു. പുതിയ വിവാദമാകട്ടെ മോദിയുടെ വിദേശയാത്രകളുടെ ചെലവിനെ ചൊല്ലിയാണ്.പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രക്കായി കഴിഞ്ഞ അഞ്ചുവര്‍ഷം ചെലവായത് 393 കോടി രൂപയെന്ന വിവരാവകാശ രേഖയാണ് പുതിയ വിവാദം. കാരണം നേരത്തെ രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ  മോദിയുടെ മാത്രം വിദേശയാത്രയ്ക്ക് ചെലവായത് 2,021 കോടിയാണെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. 2018 ഡിസംബറില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടിയിലെ കണക്കുകളും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വിവരാവകാശം വഴി നല്‍കിയ കണക്കുകളും തമ്മില്‍ വലിയ അന്തരമുണ്ടെന്നത് തന്നെയാണ് വിവാദത്തിന് കാരണം.
 
വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലി നല്‍കിയ അപേക്ഷയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഈ പുതിയകണക്ക് നല്‍കിയത്. 2014 മേയില്‍ അധികാരത്തിലേറിയ ശേഷം പ്രധാനമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ-സ്വദേശ യാത്രകള്‍ക്കായി 393.58 കോടി രൂപ ചെലവായെന്നും ഇതില്‍ 311 കോടി രൂപ പ്രധാനമന്ത്രിമാരുടെയും കാബിനറ്റ് മന്ത്രിമാരുടെയും യാത്രാച്ചെലവും 81 കോടി രൂപ സഹമന്ത്രിമാരുടെ യാത്രയ്ക്കായി ചെലവായതാണെന്നും പറയുന്നു. ഇതില്‍ 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 88 കോടി രൂപയാണ് ചെലവായത്.
 
പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി മൂന്നു വിഭാഗങ്ങളിലായി 1484 കോടി രൂപ ചെലവിട്ടെന്നായിരുന്നു 2018 ജൂലൈയില്‍ വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍, അറ്റകുറ്റപ്പണികള്‍,ഹോട്ട്‌ലൈന്‍ സൗകര്യം എന്നിങ്ങനെ ആയിരുന്നു തുക ചെലവഴിച്ചതെന്നാണ് കണക്കുകള്‍. 2014 ജൂണ്‍ 15ന് നടത്തിയ ഭൂട്ടാന്‍ യാത്ര മുതല്‍ 2018 ജൂണില്‍ നടത്തിയ ചൈനീസ് യാത്രവരെയുളള ചെലവാണിത്.
 
പിന്നീട് 2018 ഡിസംബറില്‍ രാജ്യസഭയില്‍ സിപിഐ നേതാവ് ബിനോയ് വിശ്വത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വി.കെ സിങ് അവതരിപ്പിച്ച കണക്ക് 2,021 കോടിയുടെതാണ്. 48 വിദേശയാത്രകള്‍ നടത്തിയെന്നും നാലര വര്‍ഷത്തിനുളളില്‍ ഔദ്യോഗിക സന്ദര്‍ശനം ഉള്‍പ്പെടെ 92 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും ചില രാജ്യങ്ങള്‍ ഒന്നിലേറെ തവണ സന്ദര്‍ശിച്ചതായും പറഞ്ഞിരുന്നു.
 
കണക്കുകള്‍ ഇങ്ങനെ വ്യത്യസ്തമാണെന്നിരിക്കെ പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് പറയുന്നത് ആഭ്യന്തര യാത്രകളുടെ ചെലവ് പ്രതിരോധ മന്ത്രാലയത്തിന്റെ ബജറ്റിന്റെ ഭാഗമാണെന്നും വിദേശ യാത്രകളുടേത് പ്രത്യേക ചെലവിനമായിട്ടാണ് ഉള്‍പ്പെടുത്തിയതെന്നുമാണ്. 2014 മേയ് മുതല്‍ 2019 ഫെബ്രുവരി 22 വരെ 49 വിദേശയാത്രകള്‍ പ്രധാനമന്ത്രി നടത്തിയെന്നാണ് പിഎംഒ സൈറ്റില്‍ കാണിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍