കേരള കോണ്‍ഗ്രസ് എം താല്‍ക്കാലിക ചെയര്‍മാനായി പിജെ ജോസഫ്, പാര്‍ട്ടി പിടിക്കാന്‍ കരുനീക്കി ജോസ് കെ മാണി

ചൊവ്വ, 14 മെയ് 2019 (12:26 IST)
കെഎം മാണിയുടെ മരണത്തോടെ കേരള കോണ്‍ഗ്രസ് എമ്മിലുണ്ടായ അധികാര തര്‍ക്കത്തിനൊടുവില്‍ പാര്‍ട്ടിയുടെ താല്‍ക്കാലിക ചുമതല പിജെ ജോസഫിന്. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും വരെയാണ് പാര്‍ട്ടിയുടെ താല്‍ക്കാലിക ചുമതല വര്‍ക്കിംഗ് ചെയര്‍മാനായ പിജെ ജോസഫിന് നല്‍കിയത്. പാര്‍ട്ടി പിടിക്കാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കരുനീക്കം നടക്കുന്നതിനിടയിലാണ് താല്‍ക്കാലിക ചുമതലക്കാരനായി ജോസഫ് മാറുന്നത്.
 
ജില്ലാ പ്രസിഡന്റുമാരില്‍ ഒരു വിഭാഗം ജോസ് കെ മാണിയെ ചെയര്‍മാനാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ഒരു വിഭാഗത്തിന് അതിലത്ര താല്‍പര്യമില്ല. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ശക്തമായ ജോസഫ് വിഭാഗം ഭരണചുമതല കൂടി കയ്യാളുമെന്ന പേടിയാണ് വേഗത്തില്‍ ചെയര്‍മാന്‍ കസേരക്കായി ജോസ് കെ മാണി നീങ്ങാനുള്ള കാരണം. മാണി വിഭാഗത്തില്‍ തന്നെ ജോസിന്റെ കാര്യത്തില്‍ എതിര്‍പ്പുണ്ടായതോടെയാണ് സാവകാശം തീരുമാനമെന്ന നിലയില്‍ താല്‍ക്കാലിക ചുമതല ജോസഫ് വിഭാഗത്തിന് നല്‍കിയത്.
 
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഡ്വ. ജോയി ഏബ്രഹാമാണ് പിജെ ജോസഫ് ചെയര്‍മാന്റെ ചുമതലവഹിക്കുമെന്ന തീരുമാനം അറിയിച്ചത്. ഇതു സാധാരണ നടപടിക്രമം ആണെന്ന് വിശദീകരിക്കാനും അദ്ദേഹം മറന്നില്ല. ജോയി എബ്രഹാം അടക്കം നേതാക്കള്‍ ജോസ് കെ മാണി സംഘടനാ തലപ്പത്ത് വരുന്നതില്‍ എതിര്‍പ്പുള്ളവരാണ്.
 
ജില്ലാ പ്രസിഡന്റുമാരെ മുന്‍ നിര്‍ത്തി നേരത്തെ പിജെ ജോസഫഫിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം വെട്ടിയതു പോലെ ഒരു നീക്കത്തിനാണ് ജോസ് കെ മാണി ശ്രമിച്ചത്. എന്നാല്‍ അന്ന് എല്ലാവരേയും ഒന്നിപ്പിച്ചു നിര്‍ത്താന്‍ കെഎം മാണി ഉണ്ടായിരുന്നു. സമാനമായ നീക്കം ഇക്കുറി നടത്തിയപ്പോള്‍ മാണി ഒപ്പമില്ലാത്തതിനാല്‍ ജോസ് കെ മാണിക്ക് പിഴച്ചു.
 
പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിയെ പിളര്‍ത്തുമെന്ന് കാണിച്ച് മാണി വിഭാഗത്തിലെ നേതാക്കള്‍ മുതിര്‍ന്ന നേതാവ് സിഎഫ് തോമസിനെ കാണുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. പാര്‍ട്ടി പിളരുമെന്ന് കണ്ട ജോയി ഏബ്രഹാം ജില്ലാ പ്രസിഡന്റുമാരെ കണ്ടതിന് ശേഷമാണ് പുതിയ നീക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍