Suryakumar Yadav: മോശമായി കളിച്ചിട്ടും സൂര്യയ്ക്ക് വീണ്ടും അവസരങ്ങള്‍ കൊടുത്തത് എന്തിനാണെന്ന് മനസിലായോ? അവന്‍ എക്‌സ് ഫാക്ടര്‍ തന്നെ

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (08:43 IST)
Suryakumar Yadav: ഏകദിനത്തില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും സൂര്യകുമാര്‍ യാദവിനെ ഇന്ത്യ എന്തുകൊണ്ട് പിന്തുണച്ചു എന്നതിനുള്ള ഉത്തരമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും താരം കാണിച്ചുതന്നത്. സൂര്യയില്‍ നിന്ന് എന്താണോ ടീം പ്രതീക്ഷിക്കുന്നത് അത് നല്‍കാന്‍ താരത്തിനു സാധിച്ചു. ഓസീസിനെതിരായ രണ്ട് ഏകദിനങ്ങളിലും അര്‍ധ സെഞ്ചുറി നേടിയാണ് സൂര്യ വിമര്‍ശകരുടെ വായടപ്പിച്ചത്. 
 
ആദ്യ ഏകദിനത്തില്‍ ഓസീസ് ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 49 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സാണ് സൂര്യ നേടിയത്. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു സൂര്യയുടെ അര്‍ധ സെഞ്ചുറി. മുന്‍പ് പല തവണ സ്വീപ്പ് ഷോട്ടുകള്‍ കളിച്ച് പുറത്തായ സൂര്യ ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ അങ്ങനെയൊരു ഷോട്ടിനായി ശ്രമിച്ചതു കൂടിയില്ല. വളരെ ശ്രദ്ധയോടെയായിരുന്നു സൂര്യ ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. 
 
രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ സ്‌കോര്‍ 300 കടന്നപ്പോഴാണ് സൂര്യ ക്രീസിലെത്തിയത്. പിന്നീട് 10 ഓവര്‍ കൂടി ശേഷിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് തന്നില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നത് ഒരു ട്വന്റി 20 മോഡല്‍ ഇന്നിങ്‌സാണ് എന്ന് മനസിലാക്കിയ സൂര്യ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 37 പന്തില്‍ ആറ് ഫോറും ആറ് സിക്‌സും സഹിതം 72 റണ്‍സാണ് സൂര്യ നേടിയത്. 
 
ഒരു എക്‌സ് ഫാക്ടറായാണ് സൂര്യയെ ഇന്ത്യ ഏകദിനത്തില്‍ കാണുന്നത്. 35 ഓവറിന് ശേഷം ക്രീസിലെത്തുന്ന സൂര്യ അതീവ അപകടകാരിയായിരിക്കുമെന്ന് ഇന്ത്യക്ക് അറിയാം. അതിനുള്ള അവസരം ലഭിച്ചാല്‍ സൂര്യ ഏകദിനത്തിലും ശോഭിക്കുമെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കണക്കുകൂട്ടല്‍. എന്തായാലും ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ഏകദിനങ്ങളിലെ പ്രകടനത്തിലൂടെ സൂര്യ ലോകകപ്പിലേക്കും കണ്ണുവയ്ക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article