ദിവസവും എട്ട് കിലോ മട്ടന്‍ ബിരിയാണി കഴിച്ചാല്‍ എങ്ങനെ ഫിറ്റ്‌നെസുണ്ടാകും; പാക്കിസ്ഥാന്‍ താരങ്ങളെ നിര്‍ത്തിപ്പൊരിച്ച് വസീം അക്രം

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2023 (15:39 IST)
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റതിനു പിന്നാലെ പാക്കിസ്ഥാന്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാക് താരം വസീം അക്രം. പാക്കിസ്ഥാന്റെ ഫീല്‍ഡിങ് പിഴവുകളാണ് അഫ്ഗാനിസ്ഥാനെതിരായ തോല്‍വിക്ക് പ്രധാന കാരണം. പാക് താരങ്ങള്‍ക്ക് ഫിറ്റ്‌നെസിനെ കുറിച്ച് യാതൊരു ചിന്തയുമില്ലെന്ന് അക്രം പറഞ്ഞു. 
 
' ഈ തോല്‍വി വളരെ അസ്വസ്ഥമാക്കുന്നു. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 280 റണ്‍സ് പിന്തുടര്‍ന്നു ജയിച്ചു എന്നത് വലിയ കാര്യമാണ്. പിച്ചിന്റെ സ്വഭാവം നമുക്ക് മാറ്റിവയ്ക്കാം. ഫീല്‍ഡിങ് നോക്കൂ, താരങ്ങളുടെ ഫിറ്റ്‌നെസിനെ കുറിച്ച് സംസാരിക്കൂ. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ താരങ്ങള്‍ ഫിറ്റ്‌നെസ് ടെസ്റ്റിലൂടെ കടന്നുപോയിട്ടില്ല, കഴിഞ്ഞ മൂന്ന് ആഴ്ചയായി നമ്മള്‍ ഇക്കാര്യം പറയുന്നു. ഓരോരുത്തരുടെ പേരെടുത്ത് പറഞ്ഞാല്‍ പലരുടെയും മുഖം കുനിക്കേണ്ടി വരും. ദിവസവും എട്ട് കിലോ മട്ടന്‍ ബിരിയാണി കഴിക്കുന്ന പോലെയുണ്ട് ഇവര്‍ ഓരോരുത്തരേയും കാണുമ്പോള്‍,' അക്രം പറഞ്ഞു. 
 
ഫീല്‍ഡിങ് ഫിറ്റ്‌നെസുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. രാജ്യത്തിന് വേണ്ടി കളിക്കുകയാണെങ്കിലും ചെയ്യുന്ന ജോലിക്ക് എല്ലാവര്‍ക്കും പണം കിട്ടുന്നുണ്ട്. മിസ്ബ ഉള്‍ ഹഖ് പരിശീലകനായിരുന്നപ്പോള്‍ ഫിറ്റ്‌നെസ് ടെസ്റ്റ് ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ താരങ്ങള്‍ക്ക് അദ്ദേഹത്തോട് വിരോധമുണ്ടായിരുന്നെങ്കിലും വളരെ ഫലം കണ്ട രീതിയായിരുന്നു അത് - അക്രം കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article