ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയിരിക്കുകയാണ് പാക്കിസ്ഥാന്‍. ആദ്യ രണ്ട് കളികള്‍ ജയിച്ച പാക്കിസ്ഥാന്‍ ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവരോടാണ് തോല്‍വി സമ്മതിച്ചത്. സെമിയില്‍ എത്തണമെങ്കില്‍ ഇനിയുള്ള കളികള്‍ പാക്കിസ്ഥാന് നിര്‍ണായകമാണ്. അതേസമയം ഇന്നലെ നടന്ന അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ മത്സരത്തിനിടെ ഹൃദയസ്പര്‍ശിയായ നിരവധി മുഹൂര്‍ത്തങ്ങള്‍ സംഭവിച്ചു. അതിലൊന്നാണ് തന്റെ ഷൂസിന്റെ ലെയ്‌സ് കെട്ടിത്തരാന്‍ വന്ന അഫ്ഗാന്‍ താരം മുഹമ്മദ് നബിയെ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം തടഞ്ഞത്.
പാക്കിസ്ഥാന്‍ ഇന്നിങ്‌സില്‍ ബാബര്‍ ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. മുഹമ്മദ് നബി പന്തെറിയാന്‍ വരുന്ന സമയത്ത് ഗ്ലൗസ് ഊരി തന്റെ ഷൂസിന്റെ ലെയ്‌സ് കെട്ടാന്‍ തയ്യാറെടുക്കുകയായിരുന്നു ബാബര്‍. ഈ സമയത്ത് പന്ത് നിലത്തിട്ട് നബി ബാബറിന്റെ അടുത്തേക്ക് എത്തി. ബാബറിന്റെ ഷൂസ് ലെയ്‌സ് കെട്ടിക്കൊടുക്കാന്‍ നബി കുമ്പിട്ടെങ്കിലും ബാബര്‍ അനുവദിച്ചില്ല. നബിയുടെ അടുത്തുനിന്ന് മാറിനിന്നാണ് പിന്നീട് ബാബര്‍ ലെയ്‌സ് കെട്ടിയത്. സഹതാരത്തെ കൊണ്ട് ഷൂസിന്റെ ലെയ്‌സ് കെട്ടിപ്പിക്കാന്‍ ബാബര്‍ ആഗ്രഹിച്ചിരുന്നില്ല. ഒടുവില്‍ ബാബറിന്റെ പുറത്ത് തട്ടി നബി ബൗളിങ്ങിനായി പോയി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.