ടി 20 ലോകകപ്പ്: ഇന്ത്യയുടെ ആറാം ബൗളര്‍ വിരാട് കോലി ! സൂര്യകുമാര്‍ യാദവും പന്തെറിയും

Webdunia
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (10:44 IST)
ടി 20 ലോകകപ്പില്‍ ആറാം ബൗളറെ കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യയ്ക്ക് ഉത്തരമായി നായകന്‍ വിരാട് കോലി. ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ നെറ്റ്‌സില്‍ പോലും പന്തെറിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ആറാം ബൗളര്‍ക്കായി ഇന്ത്യന്‍ ക്യാംപില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 
 
ഓസ്‌ട്രേലിയക്കെതിരായ പരിശീലന മത്സരത്തില്‍ വിരാട് കോലി രണ്ട് ഓവര്‍ പന്തെറിഞ്ഞിരുന്നു. വെറും 12 റണ്‍സ് മാത്രമാണ് കോലി വിട്ടുകൊടുത്തത്. മീഡിയം പേസിലാണ് കോലി പന്തെറിയുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ കോലിയെ ആറാം ബൗളറായി പരീക്ഷിക്കാമെന്നാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയക്കെതിരായ പരിശീലന മത്സരത്തില്‍ കോലിയെ കൊണ്ട് പന്തെറിയിപ്പിച്ചത്. വിരാട് കോലിക്കൊപ്പം സൂര്യകുമാര്‍ യാദവിനെയും ബൗളറായി പരീക്ഷിച്ചേക്കും. 
 
അതേസമയം, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ നെറ്റ്സില്‍ പന്തെറിഞ്ഞു തുടങ്ങിയിട്ടില്ലെന്ന് ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മയാണ് പറഞ്ഞത്. ഓസ്ട്രേലിയയുമായുള്ള പരിശീലന മത്സരത്തിനു ശേഷമാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഹാര്‍ദിക്കിന്റെ ഫിറ്റ്നെസ് മെച്ചപ്പെട്ടു വരുന്നതായും ലോകകപ്പില്‍ പന്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് പറഞ്ഞു. 
 
'ഹാര്‍ദിക്കിന്റെ നില മെച്ചപ്പെട്ടുവരുന്നു. പക്ഷേ, ഇതുവരെ അദ്ദേഹം നെറ്റ്സില്‍ പന്തെറിഞ്ഞു തുടങ്ങിയിട്ടില്ല. ടൂര്‍ണമെന്റിന്റെ ഏത് സമയത്തും പന്തെറിയാന്‍ അദ്ദേഹം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കളിക്കാര്‍ അവരുടെ നൂറ് ശതമാനം സമര്‍പ്പിക്കണമെന്നാണ് എപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം ഉടന്‍ ബൗളിങ് തുടങ്ങുമെന്നാണ് ഞങ്ങള്‍ കരുതുന്നത്,' രോഹിത് ശര്‍മ പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article