ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിന്നും പിന്മാറി ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്റ്റാര്‍ക്ക് പിന്മാറിയതെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്. നേരത്തെ പരിക്ക് മൂലം പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവരെ ഓസ്‌ട്രേലിയക്ക് നഷ്ടമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് മാര്‍ക്കസ് സ്റ്റോയ്‌നിസ് വിരമിക്കല്‍ പ്രഖ്യാപിച്ചതും ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് മിച്ചല്‍ സ്റ്റാര്‍ക്കും ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും പിന്മാറിയിരിക്കുന്നത്.
പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താകും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസിനെ നയിക്കുക. ഇന്ത്യക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയില്‍ പരിക്കേറ്റ കമ്മിന്‍സും, ഹേസല്‍വുഡും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും കളിച്ചിരുന്നില്ല. നാല് പ്രധാനതാരങ്ങള്‍ക്ക് പകരം 4 മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയന്‍ 15 അംഗ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.