ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും മികച്ച തുടക്കമാണ് നല്‍കിയത്. 26.3 ഓവറില്‍ 141 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സച്ചിന്‍-ഗാംഗുലി കൂട്ടുകെട്ട് പിരിയുന്നത്. സച്ചിന്‍ 83 പന്തില്‍ 69 റണ്‍സെടുത്ത് പുറത്തായി. 10 ഫോറും ഒരു സിക്‌സും അടങ്ങിയതാണ് സച്ചിന്റെ ഇന്നിങ്‌സ്.
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. ആദ്യ വിക്കറ്റിനു ശേഷം ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറഞ്ഞു. സ്‌കോര്‍ 300 കടക്കുമെന്ന് ഉറപ്പിച്ച കളിയില്‍ നിശ്ചിത 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ 264 റണ്‍സ് മാത്രം. രാഹുല്‍ ദ്രാവിഡ് (35 പന്തില്‍ 22), യുവരാജ് സിങ് (19 പന്തില്‍ 18), വിനോദ് കാംബ്ലി (അഞ്ച് പന്തില്‍ ഒന്ന്), റോബിന്‍ സിങ് (11 പന്തില്‍ 13) എന്നിവരെല്ലാം നിരാശപ്പെടുത്തി. ന്യൂസിലന്‍ഡിനു വേണ്ടി സ്‌കോട്ട് സ്റ്റൈറിസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സായപ്പോള്‍ കിവീസിന്റെ ആദ്യ വിക്കറ്റ് വീണു. 23.2 ഓവറില്‍ 132-5 എന്ന നിലയില്‍ കിവീസ് തോല്‍വി ഉറപ്പിച്ചതാണ്. ഗാംഗുലി ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തുന്നത് ഇന്ത്യന്‍ ആരാധകര്‍ സ്വപ്‌നം കാണാന്‍ തുടങ്ങി. അവിടെയാണ് കിവീസ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് ഇന്ത്യയുടെ 'വില്ലനായി' അവതരിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ കെയ്ന്‍സ് 113 പന്തില്‍ പുറത്താകാതെ നേടിയത് 102 റണ്‍സ്. ക്രിസ് ഹാരിസ് (72 പന്തില്‍ 46) കെയ്ന്‍സിനു മികച്ച പിന്തുണ നല്‍കി. ഒടുവില്‍ ഒരു പന്തും നാല് വിക്കറ്റുകളും ശേഷിക്കെ കിവീസ് വിജയം ഉറപ്പിച്ചു. ഏഴ് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദിന്റെ പ്രകടനം പാഴായി. അനില്‍ കുംബ്ലെ രണ്ടും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു വിക്കറ്റും വീഴ്ത്തി.