ചാമ്പ്യന്‍സ് ട്രോഫിയില്‍ നാട്ടില്‍ കളിച്ചത് ഒരൊറ്റ മത്സരം മാത്രം, പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നഷ്ടം 869 കോടി!

അഭിറാം മനോഹർ

തിങ്കള്‍, 17 മാര്‍ച്ച് 2025 (18:28 IST)
മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യമായി ഐസിസി ടൂര്‍ണമെന്റിന് ആതിഥേയരായിട്ടും ചാമ്പ്യന്‍സ് ട്രോഫി നടത്തിപ്പില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് കോടികളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെതിരായ ഒരേയൊരു മത്സരം മാത്രമാണ് പാകിസ്ഥാന്‍ ടീം സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിച്ചത്. ഇന്ത്യയുടെ വേദി ദുബായിലെ നിഷ്പക്ഷ വേദിയില്‍ നടന്നപ്പോള്‍ ബംഗ്ലാദേശിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
 
ചാമ്പ്യന്‍സ് ട്രോഫി നടത്തിപ്പില്‍ വന്ന ഭീമമായ നഷ്ടത്തോടെ പാക് ക്രിക്കറ്റിന്റെ ഭാവി പദ്ധതികളെയും കളിക്കാരുടെ പ്രതിഫലത്തെയുമെല്ലാം ഇത് ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കളിക്കാരുടെ മാച്ച് ഫീസ് 40,000 രൂപയില്‍ നിന്നും 10,000 രൂപയായി വെട്ടിക്കുറച്ചെന്നാണ് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് പാക് ബോര്‍ഡ് കളിക്കാരുടെ മാച്ച് ഫീസ് വെട്ടിക്കുറച്ചത്. അതുപോലെ കളിക്കാരുടെ താമസ സൗകര്യങ്ങളും മിതമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ ടീം ഒരു മത്സരം മാത്രം കളിച്ച് പുറത്തായതും ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തിയതുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന് വലിയ തിരിച്ചടിയായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍