പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ അവസാന ഹിന്ദുമത വിശ്വാസിയാണ് കനേറിയ. അനില്‍ ദല്‍പട്ടിനു ശേഷം പാക്കിസ്ഥാന്‍ ടീമില്‍ അംഗമായ ഹിന്ദുമത വിശ്വാസിയും കനേറിയയാണ്. മതന്യൂനപക്ഷമെന്ന നിലയില്‍ പാക്കിസ്ഥാനില്‍ ഒട്ടേറെ ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇപ്പോള്‍ യുഎസില്‍ ജീവിക്കേണ്ടി വന്നതെന്നും കനേറിയ പറഞ്ഞു.
' ഞാന്‍ ഒരുപാട് വിവേചനങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്റെ ക്രിക്കറ്റ് കരിയര്‍ പോലും തകര്‍ക്കപ്പെട്ടു. പാക്കിസ്ഥാനില്‍ എനിക്കു ലഭിക്കേണ്ടിയിരുന്ന ബഹുമാനവും തുല്യതയും കിട്ടിയിട്ടില്ല. ഈ വിവേചനം കാരണമാണ് ഞാന്‍ ഇപ്പോള്‍ യുഎസില്‍ ആയിരിക്കുന്നത്. ഞങ്ങള്‍ അവിടെ എത്രത്തോളം ദുരിതം അനുഭവിച്ചെന്ന് യുഎസ്എ മനസിലാക്കട്ടെ, ഇതില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാമോ എന്നും നോക്കണം,' കനേറിയ പറഞ്ഞു.
2023 ല്‍ ആജ് തക്കിനു നല്‍കിയ അഭിമുഖത്തില്‍ ഷാഹിദ് അഫ്രീദി തന്നോടു മതം മാറാന്‍ ആവശ്യപ്പെട്ടതിനെ കുറിച്ച് കനേറിയ വെളിപ്പെടുത്തിയിട്ടുണ്ട്. ' ഞാന്‍ എന്റെ കരിയര്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ആ സമയത്ത് ഞാന്‍ കൗണ്ടി ക്രിക്കറ്റും കളിച്ചിരുന്നു. ഇന്‍സമാം ഉള്‍ ഹഖ് എന്നെ നന്നായി പിന്തുണച്ചിരുന്നു. എനിക്ക് അത്തരത്തില്‍ പിന്തുണ നല്‍കിയിട്ടുള്ള ഏക നായകനും അദ്ദേഹമാണ്. ഷോയ്ബ് അക്തറാണ് എനിക്ക് പിന്തുണ നല്‍കിയിരുന്ന മറ്റൊരു താരം. ഷാഹിദ് അഫ്രീദി അടക്കമുള്ള മിക്ക പാക്കിസ്ഥാന്‍ താരങ്ങളും എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാക്കി, എനിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. എന്നോടു മതം മാറാന്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടിരുന്നത് അഫ്രീദിയാണ്. എന്നാല്‍ ഇന്‍സമാം ഉള്‍ ഹഖ് ഒരിക്കല്‍ പോലും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല,' കനേറിയ വെളിപ്പെടുത്തി.