ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതോടെ ഫൈനല്‍ മത്സരത്തിന് വേദിയാകുന്ന ഇംഗ്ലണ്ടിന്റെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന് വരുമാനത്തില്‍ 4 മില്യണ്‍ പൗണ്ടിന്റെ ഇടിവ് വരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപ ഏകദേശം 45 കോടി രൂപയാണ് ലോര്‍ഡ്‌സിന് വരുമാനത്തില്‍ നഷ്ടമുണ്ടാകുക.
കഴിഞ്ഞ 2 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുമെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് ജൂണില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഇന്ത്യ ഫൈനലിലെത്തുകയാണെങ്കില്‍ ടിക്കറ്റ് വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതിനായി ടിക്കറ്റ് വില ഉള്‍പ്പടെ കുത്തനെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഫൈനല്‍ യോഗ്യത നേടില്ലെന്ന് ഉറപ്പിച്ചതോടെ ടിക്കറ്റ് വില കുറയ്ക്കുകയായിരുന്നു.
നിലവില്‍ 40 പൗണ്ടിനും 90 പൗണ്ടിനും ഇടയിലാണ് ടിക്കറ്റ് വില്പന നടക്കുന്നത്. നേരത്തെ നിശ്ചയിച്ച തുകയേക്കാള്‍ 50 പൗണ്ട് കുറവാണിത്. ന്യൂസിലന്‍ഡിനെതിരായ ഹോം ടെസ്റ്റ് സീരീസ് പരാജയത്തിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയും കൈവിട്ടതോടെയാണ് ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നഷ്ടമായത്.