ട്രെയിൻ ഹൈജാക്ക് ഇന്ത്യൻ സ്പോൺസേർഡ് ഭീകരാക്രമണം, ആരോപണവുമായി പാകിസ്ഥാൻ

അഭിറാം മനോഹർ

വെള്ളി, 14 മാര്‍ച്ച് 2025 (13:39 IST)
ബലൂചിസ്ഥാനിലെ ട്രെയിന്‍ റാഞ്ചലിന് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി പാകിസ്ഥാന്‍. ആക്രമണകാരികളുടെ സംരക്ഷകര്‍ അഫ്ഗാന്‍ ആസ്ഥാനമായവരാണെന്നും അവരെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യയാണെന്നുമാണ് പാകിസ്ഥാന്റെ ആരോപണം. പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാനാണ് ആരോപണങ്ങളുന്നയിച്ചത്. ഹൈജാക്കിംഗുമായി ബന്ധപ്പെട്ട കോളുകള്‍ അഫ്ഗാനില്‍ നിന്നാണ് വന്നത് എന്നതിന് പാകിസ്ഥാന്റെ കൈവശം തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയെ നേരിട്ട് ആക്രമിക്കാതെ പരോക്ഷവിമര്‍ശനം നടത്തിയാണ് പാകിസ്ഥാന്റെ പ്രതികരണങ്ങള്‍.  അതേസമയം രാജ്യത്തിന്റെ സൈനിക, ഇന്റലിജന്‍സ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ സുരക്ഷാ പരാജയങ്ങളെ പറ്റി മൗനം തുടരുകയാണ്. അതേസമയം പാകിസ്ഥാന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി അഫ്ഗാനും ഇന്ത്യയും രംഗത്തെത്തി. അക്രമണത്തെ അഫ്ഗാനുമായി ബന്ധിപ്പിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണെന്ന് അഫ്ഗാന്‍ പ്രതികരിച്ചു. ഇന്ത്യയും പാകിസ്ഥാന്‍ ആരോപണത്തെ തള്ളിയിട്ടുണ്ട്. മാര്‍ച്ച് 11നാണ് 450 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ജാഫര്‍ എക്‌സ്പ്രസ് ബലൂചിസ്ഥാന്‍ വിഘടനവാദ തീവ്രവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി റാഞ്ചിയത്. സംഭവത്തില്‍ 33 ഭീകരവാദികളടക്കം 58 പേര്‍ കൊല്ലപ്പെട്ടിരുന്നു.യാത്രക്കാരെ മുഴുവന്‍ മോചിപ്പിച്ചെന്ന് പാക് സൈന്യം അറിയിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍