വിക്കറ്റ് പോയതറിഞ്ഞില്ല, ഡ്രസിങ് റൂമിൽ കിടന്നുറങ്ങി, 3 മിനിറ്റായിട്ടും ബാറ്റിംഗിനെത്തിയില്ല, ടൈംഡ് ഔട്ടിൽ പുറത്തായി പാക് താരം

അഭിറാം മനോഹർ

വെള്ളി, 7 മാര്‍ച്ച് 2025 (10:15 IST)
പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലെത്താന്‍ വൈകിയതിന്റെ പേരില്‍ ടൈംഡ് ഔട്ടായി പാകിസ്ഥാന്‍ താരം സൗദ് ഷക്കീല്‍. ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ടൈംഡ് ഔട്ടായി പുറത്താകുന്ന ബാറ്ററെന്ന നാണക്കെട് സൗദ് ഷക്കീല്‍ സ്വന്തമാക്കി. റാവല്‍പിണ്ടിയില്‍ നടന്ന പ്രസിഡന്റ്‌സ് കപ്പ് ഫൈനലിനിടെയാണ് സംഭവം.
 
റമദാന്‍ മാസമായതിനാല്‍ രാത്രി 7:30 മുതല്‍ പുലര്‍ച്ചെ 2:30 വരെയായിരുന്നു മത്സരം. ഇതാദ്യമായാണ് ഈ സമയത്ത് പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നത്. സ്റ്റേറ്റ് ബാങ്ക് ടീമിന്റെ താരമായ സൗദ് ഷക്കീല്‍ ഇതിനിടെ ഡ്രസിങ്ങ് റൂമില്‍ ഉറക്കത്തിലായി. പിടിവി താരം മുഹമ്മദ് ഷെഹ്‌സാദിന്റെ ഒറ്റ ഓവറില്‍ 2 വിക്കറ്റ് വീണതോടെ സൗദ് ഷക്കീലിന്റെ ഊഴമെത്തി. എന്നാല്‍ ഒരു ബാറ്റര്‍ പുറത്തായി അടുത്തയാള്‍ ബോള്‍ നേരിടേണ്ട 3 മിനിറ്റ് സമയവും കഴിഞ്ഞതോടെ സൗദ് ഷക്കീലിനെ ടൈംഡ് ഔട്ടായി പുറത്താക്കാന്‍ എതിര്‍ ടീം ആവശ്യപ്പെടുകയായിരുന്നു.  2023ലെ ലോകകപ്പില്‍ ബംഗ്ലാദേശ്- ശ്രീലങ്ക മത്സരത്തിനിടെ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി പുറത്തായിരുന്നു. ഈ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍