Saud Shakeel: 'ഡ്രസിങ് റൂമില്‍ കിടന്നുറങ്ങി, ബാറ്റ് ചെയ്യാന്‍ എത്തിയില്ല'; പാക്കിസ്ഥാന്‍ താരം 'ടൈംഡ് ഓട്ടി'ല്‍ പുറത്ത്

രേണുക വേണു

വെള്ളി, 7 മാര്‍ച്ച് 2025 (09:10 IST)
Saud Shakeel - Timed Out Wicket

Saud Shakeel: ബാറ്റിങ്ങിനു കൃത്യസമയത്ത് ക്രീസില്‍ എത്താത്തതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം സൗദ് ഷക്കീല്‍ 'ടൈംഡ് ഔട്ട്' നടപടി നേരിട്ടു. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെയാണ് സൗദ് ഷക്കീലിന്റെ 'ടൈംഡ് ഔട്ട്' പുറത്താകല്‍. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദി സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ vs പാക്കിസ്ഥാന്‍ ടെലിവിഷന്‍ പിങ്ക് ബോള്‍ മത്സരത്തിനിടെയാണ് അസാധാരണ സംഭവം. 
 
സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ ടീമിനു വേണ്ടി ആറാമനായി ക്രീസിലെത്താന്‍ നിയോഗിക്കപ്പെട്ട താരമാണ് സൗദ് ഷക്കീല്‍. മത്സരത്തിനിടെ ഡ്രസിങ് റൂമില്‍ ഇരുന്ന് സൗദ് ഷക്കീല്‍ ഉറങ്ങി പോയതാണ് ബാറ്റിങ്ങിനു കൃത്യസമയത്ത് എത്താന്‍ സാധിക്കാത്തതിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ബാറ്റര്‍ പുറത്തായിക്കഴിഞ്ഞാല്‍ അടുത്തയാള്‍ക്ക് ഗ്രൗണ്ടിലെത്തി ബാറ്റിങ്ങിനു തയാറെടുക്കാന്‍ അനുവദിച്ചിരിക്കുന്ന മൂന്നു മിനിറ്റു സമയം കഴിഞ്ഞതിനാല്‍ സൗദ് ഷക്കീലിനെ പുറത്താക്കണമെന്ന് എതിര്‍ ടീം ആവശ്യപ്പെടുകയായിരുന്നു. അംപയര്‍ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു പാക്കിസ്ഥാന്‍ താരം 'ടൈംഡ് ഔട്ട്' നിയമത്തിലൂടെ പുറത്താകുന്നത്. 
 
അതേസമയം തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്ടമായതാണ് സൗദ് ഷക്കീല്‍ വൈകാന്‍ കാരണമെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഹമ്മദ് ഷഹ്‌സാദ് എറിഞ്ഞ ഓവറില്‍ ഉമ്രാന്‍ അമിന്‍, ഫവാദ് അലം എന്നിവര്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ ഔട്ടായി. അതിനുശേഷം ക്രീസില്‍ എത്തേണ്ടിയിരുന്ന സൗദ് ഷക്കീല്‍ ബാറ്റിങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. പാഡ്, ഹെല്‍മറ്റ് എന്നിവ ധരിച്ചു ക്രീസിലെത്താന്‍ മൂന്ന് മിനിറ്റില്‍ അധികം സമയം എടുക്കുകയും ചെയ്തു. ഇതാണ് ടൈംഡ് ഔട്ട് നിയമം ഉപയോഗിച്ച് ഷക്കീലിനെ പുറത്താക്കാന്‍ എതിര്‍ ടീമിനെ സഹായിച്ചതെന്നും ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍