ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: മുഹമ്മദ് ഷമി

രേണുക വേണു

വ്യാഴം, 6 മാര്‍ച്ച് 2025 (19:53 IST)
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ എല്ലാ കളികളും ദുബായില്‍ നടക്കുന്നത് ഗുണകരമാണെന്ന് സമ്മതിച്ച് പേസര്‍ മുഹമ്മദ് ഷമി. പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇതിനെതിരെ മറ്റു ടീം അംഗങ്ങളും മുന്‍ ക്രിക്കറ്റ് താരങ്ങളും ആക്ഷേപം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ താരം തന്നെ എല്ലാ മത്സരങ്ങളും ഒരു സ്‌റ്റേഡിയത്തില്‍ നടക്കുന്നത് ഗുണകരമാണെന്നു പറഞ്ഞത്. 
 
' അതെ, ഇത് തീര്‍ച്ചയായും ഞങ്ങളെ സഹായിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഈ സാഹചര്യത്തെ കുറിച്ചും പിച്ചിന്റെ സ്വഭാവത്തെ കുറിച്ചും നന്നായി അറിയാം,' ഷമി പറഞ്ഞു. എല്ലാ മത്സരങ്ങളും ഒരു വേദിയില്‍ കളിക്കുന്നത് തീര്‍ച്ചയായും ഇന്ത്യക്ക് ആനുകൂല്യം നല്‍കുന്നുണ്ടെന്നും ഷമി കൂട്ടിച്ചേര്‍ത്തു. 
 
അതേസമയം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും 'ഒരേ വേദി' വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ' ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ട് അല്ല. ഇത് ദുബായ് ആണ്. ഞങ്ങള്‍ ഇവിടെ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ചിടുത്തോളം ഇത് പുതിയ സ്ഥലമാണ്,' രോഹിത് പറഞ്ഞു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടുത്തോളം ദുബായ് തങ്ങള്‍ക്ക് നിഷ്പക്ഷ വേദി മാത്രമാണെന്നും ഹോം ഗ്രൗണ്ട് പോലെ ഒരുപാട് മത്സരങ്ങള്‍ ഇവിടെ കളിച്ചിട്ടില്ലെന്നുമാണ് ഗംഭീര്‍ പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍