സ്മിത്തിന്റെ വിരമിക്കല്‍ കോലി നേരത്തെയറിഞ്ഞോ?, വൈറലായി താരങ്ങള്‍ ഒന്നിച്ചുള്ള ദൃശ്യങ്ങള്‍

അഭിറാം മനോഹർ

വ്യാഴം, 6 മാര്‍ച്ച് 2025 (12:31 IST)
ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഏകദിന ഫോര്‍മാറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഈ തീരുമാനമെങ്കിലും ഇക്കാര്യം ഇന്ത്യന്‍ താരം വിരാട് കോലി നേരത്തെ അറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
 ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ വിജയിച്ചതിന് ശേഷം ഇരുടീമിലെയും താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പൊള്‍ കോലി സ്മിത്തിന് കൈകൊടുത്ത ശേഷം ആശ്ലേഷിക്കുകയും കുറച്ച് സമയം സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതോടെയാണ് സ്മിത്തിന്റെ വിരമിക്കല്‍ തീരുമാനം കോലി നേരത്തെ അറിഞ്ഞിരുന്നുവെന്ന കാര്യം വ്യക്തമായത്. പാറ്റ് കമ്മിന്‍സിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്മിത്ത് ഓസ്‌ട്രേലിയന്‍ നായകനായത്.
 2010ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ലെഗ് സ്പിന്‍ ഓള്‍റൗണ്ടര്‍ എന്ന നിലയിലായിരുന്നു സ്റ്റീവ് സ്മിത്തിന്റെ അരങ്ങേറ്റം. ലെഗ് സ്പിന്നറായെത്തി പിന്നീട് ഓസ്‌ട്രേലിയന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്ററായി സ്റ്റീവ് സ്മിത്ത് മാറി. 170 ഏകദിനങ്ങളില്‍ നിന്നായി 43.28 ശരാശരിയില്‍ 5800 റണ്‍സാണ് സ്മിത്ത് നേടിയിട്ടുള്ളത്. ഇതില്‍ 12 സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. ഓസ്‌ട്രേലിയയുടെ 2 ഏകദിന ലോകകപ്പ് നേട്ടങ്ങളില്‍ സ്മിത്ത് പങ്കാളിയായിരുന്നു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍