Virat Kohli: ഏകദിനത്തിൽ ചേസിംഗിൽ മാത്രം 8000 റൺസ്, സമ്മർദ്ദം എത്ര ഉയർന്നാലും കോലി തന്നെ ചെയ്സ് മാസ്റ്റർ

അഭിറാം മനോഹർ

ബുധന്‍, 5 മാര്‍ച്ച് 2025 (16:22 IST)
ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരം വിരാട് കോലിയാണോ എന്ന ചോദ്യമുയരുകയാണെങ്കില്‍ അതിന് മറുപടികള്‍ ഒരുപാടുണ്ടാകും. കോലിയ്ക്ക് മുകളില്‍ സമകാലീകരായ സ്മിത്തിനെയോ, ജോ റൂട്ടിനെയോ പറയുന്നവര്‍ പോലും ധാരളമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്തുണ്ടായ വീഴ്ചയാണ് ഇതിന് പ്രധാനകാരണം. എന്നാല്‍ ഏകദിന ഫോര്‍മാറ്റിലേക്ക് എത്തുമ്പോള്‍ കോലിയ്ക്ക് വട്ടം വെയ്ക്കാന്‍ പോലും ഒരു താരം ഇല്ല എന്നതാണ് യാഥാര്‍ഥ്യം അത് വിളിച്ചോതുന്നതാണ് അദ്ദേഹത്തിന്റെ ഏകദിനത്തിലെ ബാറ്റിംഗ് സ്റ്റാറ്റ്‌സ്.
 
ഏകദിനക്രിക്കറ്റില്‍ റണ്‍ ചേസിംഗ് സമയങ്ങളില്‍ കളിക്കുന്ന കോലി ഇന്നിങ്ങ്‌സുകള്‍ എക്കാലവും സ്‌പെഷ്യലാണ്. ഒരുക്കാലത്ത് വമ്പന്‍ സ്‌കോറുകള്‍ പിന്തുടരുന്നതില്‍ പരാജയമായിരുന്ന ഇന്ത്യ മൊത്തത്തില്‍ മാറുന്നത് ചെയ്‌സ് മാസ്റ്ററായുള്ള കോലിയുടെ അവതാരപ്പിറവിയോടെയാണ്. ഒരു സര്‍ജന്റെ സൂക്ഷ്മതയില്‍ ചെയ്‌സിംഗ് ചെയ്യുന്ന കോലി എതിര്‍ ടീമുകള്‍ക്ക് എന്നും പേടിസ്വപ്നമാണ്. തന്റെ 35മത്തെ വയസില്‍ പോലും ചാമ്പ്യന്‍സ് ലീഗില്‍ പാകിസ്ഥാനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും ചെയ്‌സിംഗിലെ തന്റെ മികവ് കോലി കാണിച്ച് തന്നുകഴിഞ്ഞു.
 
 ഓസ്‌ട്രേലിയക്കെതിരായ 84 റണ്‍സ് പ്രകടനത്തിനിടെ ഏകദിനക്രിക്കറ്റില്‍ റണ്‍സ് ചെയ്‌സിംഗില്‍ മാത്രം 8000 റണ്‍സ് തികയ്ക്കുന്ന താരമായി കോലി മാറി. 159 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് കോലിയുടെ നേട്ടം. ചെയ്‌സിംഗില്‍ 8720 റണ്‍സ് നേടിയിട്ടുള്ള ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് നിലവില്‍ കോലിയ്ക്ക് മുന്നിലുള്ളത്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ നേടിയ വിജയത്തോടെ ഐസിസി നോക്കൗട്ടില്‍ ഓസീസിനെതിരെ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഉയര്‍ന്ന സ്‌കോറെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഓസീസിനെതിരെ 265 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ പിന്തുടര്‍ന്ന് നേടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍